Sunday, 14 May 2017

ഒരു ഗ്രാമത്തിൻറെ കഥ



ഒരു ഗ്രാമത്തിൻറെ കഥ

ഇത് എൻറെ ഗ്രാമത്തിൻറെ കഥ, നേട്ടങ്ങളുടെയും കോട്ടങ്ങളുടെയും ഒരു പാട് കഥകൾ സ്വന്തമായുള്ള കൂരാറ, അതാണ് എൻറെ ഗ്രാമം. ഇത് ഒരു കഥയല്ല, ഗ്രാ മത്തിൻറെ പഴയ ഊട് വഴികളിൽ കൂടിയുള്ള ഒരു യാത്രയാ ണ്. ഓയ്യാരത്ത് ച ന്തു മേനോൻറെയും, സർക്കസ്സ് കലയുടെ കുലഗുരുവായ കീലേരി കുഞ്ഞിക്കണ്ണ ൻ മാസ്റ്ററുടെയും നാടായ, കളരി പരമ്പരകളുടെയും മഹനീയ സംസ്കാരങ്ങളു ടെയും ഉറവിടമായ തലശ്ശേരിയിലെ അതിമനോഹരമായ ഗ്രാമം "കൂരാറ"

ഗ്രാമ ഭംഗിക്ക് മാറ്റ് കൂട്ടാൻ വടക്ക് കൊങ്കച്ചിക്കുന്നും, കുന്നിനെ തഴുകി തലോടി ഒഴുകുന്ന കൊങ്കച്ചി പുഴയും, പുഴയുടെ കൊച്ചോളങ്ങളിൽ നീന്തി തിമിർക്കുന്ന ബാല്യങ്ങൾ, നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്ന നെൽ വയലുകൾ, തെ ക്കു മൊകേരി വയലും, നടുക്ക് കൂരാറ വയലും. ഇളം കാറ്റി ൽ ചാഞ്ചാടുന്ന സ്വ ർണ്ണ കതിരുകൾ, തെങ്ങോല തലപ്പത്ത് ചാഞ്ചാടുന്ന ഓലേ ഞാലിക്കിളികൾ, പു ലരിയെ തഴുകിയുണർത്തുന്ന മഞ്ഞു കണങ്ങൾ. ഇത് കേട്ട് പുതു തല മുറ മൂക്ക ത്ത് വിരൽ വയ്ക്കും. അത്ഭുതപ്പെടേണ്ട ഇത് കഴിഞ്ഞു പോയ ഒരു കാലഘട്ട ത്തിൻറെ കഥയാണ്, കൂരാറയുടെ കഥയാണ്.  

ഔശര്യ സമ്പന്നമായിരുന്ന നമ്മുടെ ഗ്രാമത്തിൻറെ ഇന്നത്തെ അവസ്ഥ എന്താ ണ്, വയലുകൾ അതിരാണി ചെടികളും, തൊട്ടാവാടിയും കാട്ടു പുല്ലും വളർന്നു അലങ്കോലമായി, നെൽ കൃഷി കാണാനേയില്ല (അടുത്ത രണ്ടു മൂന്ന് വർഷങ്ങളാ യി കൂരാറ വയലിൽ പച്ചക്കറി കൃഷി നടക്കുന്നുവെന്നത് ആശ്വാസ്സം നൽകുന്ന കാര്യം തന്നെ) കിണറുകളിലോ പുഴയിലോ വെള്ളമില്ല, വയലുകൾ കാണാനു മില്ല. നീന്തി തിമിർക്കുന്ന ബാല്യങ്ങളുമില്ല. ഇത് കൂരാറയുടെ മാത്രം കഥയല്ല, നശിക്കപ്പെടുന്ന ഗ്രാമങ്ങളുടെ കഥയാണ്. പലതും നഷ്ട്ടപ്പെടുന്ന ഒരു നിഷ്കളങ്ക ജനതയുടെ കഥയാണ്.

നമുക്ക് നമ്മുടെ പഴയ കാർഷിക മേഖലയിലേക്ക് പോകാം, നോക്കെത്താ ദൂര ത്തോളം പരന്ന് കിടക്കുന്ന നെൽവയലുകൾ, ചിങ്ങ മാസ്സത്തിൽ നെൽവയലുക ൾ പൊൻ നിറമണിയും. സ്വർണ്ണം പൂശിയതും പൂശാറായതുമായ പാട വരമ്പു കളിലൂടെ ഓണത്തിന് പൂക്കളം തീർക്കാൻ പൂവിനായി കുട്ടികൾ ഓടി നടക്കും. ഓണം കൊയ്ത്തുൽസവമാണ്. ഓണത്തോടൊപ്പം കൊയ്ത്തു കാലവും വന്നെ ത്തും. വടക്കൻ പാട്ടുകൾ പാടിക്കൊണ്ട് പെണ്ണുങ്ങൾ സ്വർണ്ണ കതിരുകൾ കൊ യ്തെടുക്കും. കറ്റ ബെഞ്ചിലടിച്ചും, നിലത്തിട്ടു ചവിട്ടിയും മെതിക്കും, കാറ്റോല വീശി തൂറ്റും, മെതിച്ചു കിട്ടിയ നെല്ലിനെ മുറത്തിലാക്കി രണ്ട് പേർ ഉയർത്തി പിടിച്ചു താഴേക്കിടും, മറു ഭാഗങ്ങളിൽ നിന്ന് രണ്ടു പേർ കാറ്റോല വീശും. നെ ല്ലും, തൂളിയും, പുല്ലും വേർതിരി ക്കും. തൂളി മാറ്റിയ നെല്ലുകൊണ്ടു പത്തായ പുര നിറയ്ക്കും. പണിക്കാർക്ക് കൂലിയായി ഇട ങ്ങഴിയിൽ അളന്നു നെല്ല് കൊ ടുക്കും. കൂലിയായി കിട്ടിയ നെല്ല് വാരിക്കൂട്ടി തുണിയിൽ കെട്ടി കറ്റ  കൊട്ട അടി യിൽ വച്ച് ചൂടിയിട്ടു മുറുക്കി സന്ധ്യ മയങ്ങുമ്പോൾ വീട്ടിലേക്ക് മ ടങ്ങും.

ചിങ്ങത്തിൽ ഓണത്തിനു വയലുകളിൽ പണി നടക്കാറില്ല, വീടുകളിലെല്ലാം പ ത്തു നാളും പൂക്കളം ഒരുക്കും. അരിപ്പൂ, തുമ്പപ്പൂ, മുക്കുറ്റി, പെകോട, ചെമ്പര ത്തി, മല്ലിക, കോഴിപ്പൂ, പൊട്ടിയരി, ശീവോതി അങ്ങിനെ എല്ലാം വിഷമില്ലാത്ത തനി നാടൻ പൂവുകൾ. കാടും നാടും വയലുകളും തേടി നടന്നു നാട്ടിലെ കുഞ്ഞു ങ്ങൾ പറിച്ചെടുത്ത പൂവ് കൊണ്ടുള്ള മനോഹരമായ പൂക്കളങ്ങൾ. കൂട്ട് കുടും ബമായി താമസ്സിക്കുകയാൽ അധികം വീടുകളില്ലാതിരുന്ന ആ കാലങ്ങളിൽ  ഗ്രാ മത്തിൻറെ ഭൂരിഭാഗങ്ങളും കാടുക ളും വയലുകളുമായിരുന്നു. അത് കൊണ്ട് തന്നെ പലതരം പൂക്കളും സുലഭമായിരുന്നു.
           
ഓണക്കാലത്ത് ജന്മിമാർക്ക് കാഴ്ചക്ക് വയ്ക്കുന്ന ആചാരമുണ്ടായിരുന്നു, കർ ഷകൻ കൃഷിയിൽ നിന്ന് ലഭിക്കുന്ന നെല്ല്, വാഴക്കുല, ചക്ക, മാങ്ങ, പച്ചക്കറിക ൾ തുടങ്ങിയവയോക്കെ കാഴ്ച വയ്ക്കും, പകരമായി ഓണപ്പുടവയും പണ ക്കിഴിയും സമ്മാനമായി കർഷകന് നൽകും.

കൂലിപ്പണിക്കാർക്ക് ഇടയ്ക്കു ചായ കുടിക്കാൻ വയൽ പരിസ്സരങ്ങളിൽ ചായ ക്കടകളുണ്ടായിരുന്നു. കൂരാറ വയൽക്കരയിൽ ചെറുപ്പറ്റ മൂലയിൽ ദാമുവേട്ട നും, മൊകേരി വയൽക്കരയിൽ കുഞ്ഞിത്തുണ്ടിയിൽ മാധവൻ നമ്പ്യാരും, കൂ രാറ വായനശാലക്കടുത്ത് പറമ്പത്ത് ആണ്ടിയേട്ടനും, കടേപ്രം തെരുവിൽ രാജേ ട്ടനും ചായക്കടക്കാരിൽ പ്രധാനികൾ ആയിരുന്നു. ദാമുവേട്ടൻ മരിച്ചതിൽ പി ന്നെ ആറ്റു പുറത്ത് ചായക്കട തന്നെ ഇല്ലാതായി, രാജേട്ടൻ മരിച്ചതിൽ പിന്നെ ആ ളുടെ കടയും, വാർധക്യ സഹജമായ അസുഖങ്ങൾ കാരണം കട നടത്താൻ പറ്റാ ത്ത സാഹചര്യത്തിൽ ആണ്ടിയേട്ടൻറെ കടയും ഇല്ലാതായി. മാധവൻ നമ്പ്യാരു ടെ കട മാത്രം മകനായ രാജേഷ് നടത്തുന്നു.  

നാടിൻറെ സാംസ്കാരിക പുരോഗതിക്കു വലിയ പങ്ക് വഹിച്ച സ്ഥാപനമാണ് കൂരാറയിലെ സുഹൃജ്ജന വായന ശാല. എല്ലാ വർഷങ്ങളിലും വാർഷികാ ഘോഷങ്ങൾ നടത്തുകയും, അത് വഴി നാട്ടിലെ കലാ പ്രതിഭകൾക്ക് മികവ് തെ ളിയിക്കുവാനുള്ള അവസ്സരങ്ങളും കൈവന്നിരുന്നു. സ്വന്തമായി പത്രം വാങ്ങി വായിക്കുവാൻ കഴിവില്ലാതിരുന്ന ആ കാലങ്ങളിൽ വായന ശാലയിലെ പത്ര ങ്ങളും, റേഡിയോ വാർത്തകളുമായിരുന്നു ജനങ്ങങ്ങൾക്കുള്ള ഏക ആശ്രയം     
ആയിരത്തി എണ്ണൂറ്റി തൊണ്ണൂറ്റി ഒന്നിൽ സ്ഥാപിതമായ കൂരാറ എൽ പി സ്‌കൂ ളും, ആയിരത്തി തൊള്ളായിരത്തി മുപ്പത്തി അഞ്ചിൽ സ്ഥാപിതമായ വാഗ്ദേ വി വിലാസ്സം എൽ പി സ്‌കൂളും, കൂരാറ ഗവൺമെൻറ് എൽ പി സ്‌കൂളുമെ ല്ലാം നാടിൻറെ വികസ്സനത്തിൽ സ്തുത്യർഹമായ പങ്ക് വഹിച്ചു. ഇവിടങ്ങളി ലെല്ലാം പഠിച്ച പലരും വലിയ നിലകളിലെത്തുകയും, വിവിധ മേഖലകളിൽ കഴിവ് തെളിയിക്കുകയും ചെയ്തുവെന്നതും നമുക്ക് അഭിമാനിക്കാനുള്ള വക തന്നെ.   

വീടുകളിൽ ക്ലോക്കും വാച്ച്കളൊന്നും ഇല്ലാതിരുന്ന കാലം, കോഴി കൂവുന്നതും കാക്ക കരയുന്നതും ശ്രവിച്ചു നേരം പുലർന്നെന്നു അനുമാനിച്ചിരുന്ന ഒരു കാല വും നമുക്കുണ്ടായിരുന്നു. കോഴി കൂവുന്നത് പലപ്പോഴും പുലരാറാകുമ്പോൾ തന്നെയായിരിക്കും, എന്നാൽ നല്ല നിലാവുള്ള രാത്രികളിൽ പുലർന്നെന്നു കരു തി കാക്കകൾ കരയാൻ തുടങ്ങും. കാലത്ത് വയലിൽ പണിക്കു പോകേണ്ടവരും മറ്റു യാത്രകൾ പോകേണ്ടവരും കാക്ക കരയാൻ തുടങ്ങുമ്പോൾ ഉറക്കമുണരും. ഒരുങ്ങി വയലിലോ, അല്ലെങ്കിൽ മറ്റു ആവശ്യങ്ങൾക്കും പുറപ്പെടും. പലപ്പോ ഴും  മണിക്കൂറുകൾ കഴിഞ്ഞാണ് അബദ്ധം  പറ്റിയ കാര്യം മനസ്സിലാകുക.

നാല് മണിപ്പൂവും, (പതിറ്റടി പൂവ്) പത്ത് മണി പൂവും വിരിയുന്ന നേരം നോ ക്കിയും സമയം തിട്ടപ്പെടുത്തിയിരുന്നു. തലശ്ശേരിയിൽ നിന്നുള്ള തീവണ്ടികളു ടെ ശബ്ദവും പലപ്പോഴും സമയം അനുമാനിക്കാനുള്ള വഴിയായിരുന്നു. എന്നാ ൽ ഒരു ദിവസ്സം വണ്ടി വൈകി ഓടിയാലും ഊഹിക്കുന്ന സമയം തെറ്റാറുണ്ട്. കൂരാറ സ്രാമ്പിയിലെ കരുവാൻറെവിട  മമ്മു സീതിയുടെ അഞ്ചു നേരവുമു ള്ള ബാങ്ക് വിളിയായിരുന്നു ശരിയായ സമയമറിയുവാനുള്ള ഏക ആശ്രയം. കൃത്യ സമയങ്ങളിൽ മാത്രം നടക്കുന്ന ബാങ്ക് വിളി ആ കാലങ്ങളിൽ വളരെ ആ ശ്വാസമായിരുന്നു. 

കൂരാറയിൽ കർക്കടക മാസ്സത്തിൽ രാമായണം വായിക്കുന്ന ഒരാൾ മാത്രമേ എ ൻറെ അറിവിൽ ഉണ്ടായിരുന്നുള്ളൂ. ചിലപ്പോൾ വേറെയും ആളുകൾ ഉണ്ടാ വാം, എന്നാൽ ഞാൻ ആദ്യമായി രാമായണം വായിക്കുന്നത് കേട്ടതും നേരിൽ ക്കണ്ടതും തുണ്ടിയിൽ ചാത്തുക്കുട്ടി ചേട്ടനിൽ നിന്നാണ്. ചാത്തുക്കുട്ടി ചേട്ടൻറെ മരണ ശേഷം ഞാൻ ടി വി യിൽ മാത്രമേ രാമായണം വായന കണ്ടിട്ടുമുള്ളൂ.

കർക്കടകം വറുതിയുടേയും പഞ്ഞത്തിൻറെയും മാസ്സമാണ്. ദൈവവും പോതി യും മലകയറും, ചിന്നും ചെകുത്താനും മലയിറങ്ങും. മലയിറങ്ങി വരുന്ന ചി ന്നിനേയും ചെകുത്താനേയും അകറ്റാൻ വീട്ടു പടിക്കൽ കോണിക്ക് താഴേ ചിരട്ട കളിൽ ചാണകം കലക്കി വയ്ക്കും. ചാണക വെള്ളം മുറ്റത്ത് തളിച്ച് ശുദ്ധം വരു ത്തും. കോമത്ത് അമ്മിണിയമ്മയും, മകൻ സ്വാമി നാഥനും കർക്കടക മാസ്സത്തി ൽ വേടൻ പാട്ടുമായി വീടുവീടാന്തരം കയറിയിറങ്ങി കൊട്ടിപ്പാടും.

പരമ ശിവനെ പ്രീതിപ്പെടുത്തി പാശുപതാസ്ത്രം നേടുവാൻ തപസ്സ് ചെയ്ത പാ ർത്ഥനെ പരീക്ഷിക്കുവാൻ, വേട വേഷം കെട്ടിയിറങ്ങിയ പരമശിവൻ തപസ്സി ലിരിക്കുന്ന പാർത്ഥൻറെ മുന്നിലേക്ക് വേട്ട മൃഗമായ പന്നിയെ അയക്കുന്നു, അ ഭയം തേടിയ വേട്ട മൃഗത്തിന് വേണ്ടി വേടനും പാർത്ഥനും തമ്മിൽ പോര് നട ക്കുന്നു, ജയപരാജയങ്ങൾ ഇല്ലാതെയുള്ള യുദ്ധത്തിൽ കയ്യിലുള്ള ആയുധങ്ങൾ തീരുകയും മല്ല യുദ്ധം തുടങ്ങുകയും, യുദ്ധത്തിനിടക്ക് നാഗമാലയും മറ്റും ചിത റി വീഴുന്നു. സാക്ഷാൽ ഭഗവാനാണ് മുന്നിലെന്നറിഞ്ഞ പാർത്ഥൻ ക്ഷമ ചോദി ക്കുകയും, പാർത്ഥൻറെ ധർമ്മത്തിൽ ആകൃഷ്ടനായ ഭഗവാൻ പാശുപതാസ്ത്രം നൽകി അനുഗ്രഹിക്കുന്നു.

വേട വേഷത്തിൽ വരുന്ന ശിവനെയാണ് വേടൻ പാട്ടിലൂടെ വീടുകളിൽ ആന യിക്കുന്നത്. അങ്ങിനെ വീടുകളിൽ ശിവ സാന്നിധ്യം ഉ ണ്ടാവുകയും പഞ്ഞ മാ സത്തിൻറെ വറുതിയും ബുദ്ധിമുട്ടുകളും കുറയുമെന്നും വിശ്വാസ്സം. നില വിള ക്കും ഗുരുസ്സിയും ഒരുക്കി വീടുകളിൽ വേടനെ സ്വീകരിക്കുന്നു. പാട്ടു തീരുമ്പോ ൾ മഞ്ഞൾ കലക്കിയ മഞ്ഞ ഗുരുസ്സി തെക്കോട്ടും, കരി കലക്കിയ കറുപ്പ് ഗുരു സ്സി വടക്കോട്ടും ഒഴിക്കും.

തുലാമാസ്സത്തിൽ ഗോദാമൂരി പാട്ടുമായി അമ്മിണിയമ്മയും, സ്വാമി നാഥൻ ചേട്ടനും, ഗോദാമൂരി വേഷം കെട്ടിയ ആളും വീട്ടു മുറ്റത്തു എത്തും. പരിസ്സരം മറന്നു അമ്മിണിയമ്മ നീട്ടി പാടും, ചാമറേ പുഞ്ച പറിച്ചു തിന്നു, നാട്ട പൊരിച്ച ങ്ങു തല്ലി, നാട്ട പൊരിച്ചങ്ങു തല്ലുന്ന നേരം വാലും തുറുത്തവൾ പാഞ്ഞു, വാ ലും തുറുത്തവൾ പായുന്ന നേരം വരമ്പും തടഞ്ഞങ്ങു വീണു, വരമ്പും തടഞ്ഞ ങ്ങു വീഴുന്ന നേരം ആകാശം നോക്കി കരഞ്ഞു, ആകാശം നോക്കി കരയുന്ന നേ രം ഭൂമിയിൽ കണ്ണ് നീർ വീണു, ഭൂമിയിൽ കണ്ണ് നീർ വീഴുന്ന നേരം പാലാഴിയി ൽ ചെന്ന് ചേർന്നു.  പാടുന്ന പാട്ടുകൾക്കനുസ്സരിച്ചു ഗോദാമൂരി ആടിക്കൊണ്ടി രിക്കും. " പാട്ട് തീരുമ്പോൾ നെല്ല്, വെള്ളരിക്ക, ചക്കക്കുരു നാണയം തുടങ്ങിയ  കാണിക്ക നൽകും. അമ്മിണിയമ്മയും സ്വാമിനാഥൻ ചേട്ടനും പോയതോടെ നാ ട്ടിൽ വേടൻ പാട്ടും ഗോദാമൂരി പാട്ടുമില്ല. ഇതൊന്നും ഇന്നുള്ളവർക്കറിവുമി ല്ല, അതൊന്നും അനുഭവിച്ചറിയുവാനുള്ള യോഗവും ഇല്ലാതെ പോയി.

ഞള്ളി ചാത്തുയേട്ടനും, രാമോട്ടിയേട്ടനും കാലത്തെ കാവോടിയും ചുമലിലേറ്റി തലശ്ശേരി വരെ നടക്കും. മീൻ ചന്തയിൽ നിന്നും മീനുവാങ്ങി കാവോടിയിൽ നി റയ്ക്കും. വരുന്ന വഴികളിലെല്ലാം ആവശ്യക്കാർക്ക് മീൻ വിൽക്കും. ചമ്പാട് മു തൽ പാറേമ്മൽ വരേ ചാത്തുയേട്ടൻറെയും രാമോട്ടിയേട്ടൻറെയും മീൻ കഴി ക്കാത്തവർ പഴയ തലമുറയിൽ ആരും ഉണ്ടായിരിക്കില്ല. ഇന്നത്തെ പോലെ അ മോണിയയോ മായമോ ഉള്ള മീനായിരുന്നില്ല, കടലിൽ നിന്നും പിടിച്ചെടുത്ത ഒ രു കലർപ്പുമില്ലാത്ത ശുദ്ധ മീനാണ് കിട്ടിയിരുന്നത്.   

കൈത്തറി തുണി നെയ്ത്തു തകൃതിയായി നടക്കുന്ന കാലം എഴുപതുകളിൽ ആ ണെന്ന് തോന്നുന്നു, കോറ തുണികൾക്ക് വൻ മാർക്കറ്റ്‌ ഉണ്ടായിരുന്നു. മൊകേരി കടയപ്രം  തെരുവിൽ കൂടി കോറ നെയ്ത്തിൻറെ സുവർണ്ണ കാലങ്ങളിൽ രണ്ടു പേർ പരസ്പ്പരം സംസാരിച്ചുകൊണ്ട് പോകാൻ പറ്റില്ലായിരുന്നു, ഒരാൾ പറ യുന്നതെന്തെന്നു മറ്റേ ആൾക്ക് കേൾക്കാൻ പറ്റില്ല.  എല്ലാ വീടുകളിൽ നിന്നും തു ണി നയ്യുമ്പോൾ നൂൽ ചുറ്റിയ നല്ലികൾ ഓടത്തിൽ ഇടവും വലവും ഓടുന്ന ഒച്ച   കൊണ്ട് എപ്പോഴും ശബ്ദ മുഖരിതമായിരുന്നു, മഘം എന്ന പേരിലാണ് കൈത്ത റി നയ്യുന്ന വൈദ്യുതി ആവശ്യമില്ലാത്ത കൈകാലുകൾ കൊണ്ട് പ്രവർത്തിക്കു ന്ന മെഷിൻ അറിയപ്പെട്ടിരുന്നത്. കണ്ണൂർ ജില്ലയിലെ എല്ലാ നെയ്ത് തെരുവുക ളുടെയും അവസ്ഥ ഇത് തന്നെയായിരുന്നു.

എല്ലാ നെയ്ത് തെരുവ്കളിലും മഹാഗണപതി ക്ഷേത്രങ്ങൾ ഉണ്ടാകും,  വിഘ്‌ നേശ്വരനാണ് നെയ്തു കുലത്തൊഴിലാക്കിയവരുടെ ഇഷ്ട ദൈവം, രാവിലേയും വൈകുന്നേരങ്ങളിലും ശംഖ് വിളിയും പൂജയും നടക്കും മഹാ ശിവരാത്രി ക്കും, ധനു പത്തിനും പ്രതേക പൂജകളും ഉത്സവങ്ങളും നടക്കും.


കോറയുടെ സുവർണ്ണ കാലം തെരുവ്‌കളുടെയും കൈത്തറി നൈത്തുകാരുടെ യും സുവർണ്ണകാലമായിരുന്നു. നൈത്തുകാരുടെ ജീവിത നിലവാരം നല്ല നില യിൽ ഉയർന്നു, അതോടെ തെരുവിനു പുറത്തുള്ളവരും കൈത്തറി നെയ്ത് ലേക്ക് തിരിഞ്ഞു. തൊഴിൽ ഇല്ലാത്തവർക്കു കൂടുതൽ ഒന്നും ആലോചിക്കേണ്ട ആവശ്യം ഇല്ലായിരുന്നു. പെട്ടന്ന് തന്നെ നെയ്ത് പഠിച്ചു ഒരു മഘവും  വാങ്ങി വീട്ടിൽ തന്നെ നെയ്ത്പണി  തുടങ്ങും.

കൈത്തറിയെ സംരക്ഷിക്കുകയെന്ന ഉദ്ദേശത്തോടെ  പ്രധാനമന്ത്രിയായിരുന്ന ശ്രീ മതി ഇന്ദിര ഗാന്ധി ആയിരത്തി തൊള്ളായിരത്തി എഴുപത്തി അഞ്ചിൽ പ്രഖ്യാ പിച്ച ഇരുപതിന പരിപാടിയിൽ കൈത്തറിയെയും ഉൾപ്പെടുത്തി. പെട്ടന്നുള്ള പ്രഖ്യാപനത്തിൽ നൂലിൻറെ വിതരണത്തിലും തുണികളുടെ സംഭരണത്തിലും ചില ആശയക്കുഴപ്പങ്ങൾ ഉണ്ടാവുകയും തുടർന്ന് താൽക്കാലികമായ ഒരു സ്തംഭനാവസ്ഥയും സംജാതമായി. ഇരുപതിന പരിപാടിയുടെ ഗുണങ്ങളെ കുറിച്ച് വേണ്ട പോലെ പഠനം നടത്താതെ  എല്ലാ ഭാഗങ്ങളിൽ നിന്നും ഉയർന്നു വന്ന വിമർശനം  ചെറുകിട വ്യവസായികളായിരുന്ന നെയ്ത്കാരെ പരിഭ്രമ ത്തിലാക്കി. തുടർന്ന് ഭൂരിഭാഗം പേരും കൈത്തറി ഉപേക്ഷിക്കുകയും മറ്റു തൊ ഴിലുകളിൽ ഏർപ്പെടുകയും ചെയ്തു.


അടുത്ത കാലത്ത് ഞാൻ ചങ്ങാതിയുമൊത്ത് കടയപ്പ്രം തെരുവിൽ കൂടി പാറേ മ്മലിലേക്കു പോകുമ്പോൾ തെരുവിൻറെ  മാറ്റം എനിക്ക് വിശ്വസ്സിക്കാൻ പറ്റു ന്നതിലും അപ്പുറത്തായിരുന്നു. എല്ലായിടത്തും വല്ലാത്ത ഒരു മൂകത ബാധിച്ച പോലെ എനിക്കു തോന്നി. ഒച്ചയും അനക്കവും ഇല്ല, എവിടെയും മഘത്തിൻറെ ഒച്ചയില്ല. വല്ലാത്ത നിശബ്ധത. കൂട്ട് കുടുംബം അവസാനിച്ചപ്പോൾ  തെരുവിന് പുറത്തും നെയ്തുകാർ താമസിക്കാനും തുടങ്ങി, കൂടാതെ കുല തോഴിലിൽ നിന്നും പുതിയ തല മുറ മറ്റു പല തോഴിലിലും സജീവമായി ഇറങ്ങിയിരി ക്കുന്നു.

കൈത്തറിയും കോറയുമെല്ലാം കേരളത്തിൽ നിന്നും നാട് നീങ്ങിയെങ്കിലും മ ഹാരാഷ്ട്രയിലെ മാലേഗാവ്, മൻമ്മാഡ് അടക്കം പല ഭാഗങ്ങളിലും, മറ്റു പല സംസ്ഥാനങ്ങളിലും സജീവമായി തന്നെ ഇപ്പോഴും നിലനിൽക്കുന്നു, അന്നത്തെ താൽക്കാലിക പ്രതി സന്ധിയിൽ പിടിച്ചു നിന്നവരെല്ലാം ഇന്ന് വലിയ വ്യവ സായികളായി മാറുകയും ചെയ്തു.

ഗ്രാമത്തിലെ മക്കൾക്ക് ഔശര്യമേകാൻ എല്ലാ കാലത്തും മണ്ടോളയിലെ അങ്ക ക്കാരനും, കൂരാറ കുമ്മലെ കുട്ടിച്ചാത്തനും ആടിത്തിമിർക്കുന്നു. പൊതിയുള്ള തിൽ ശ്രീ പോർക്കലി ഭഗവതി ക്ഷേത്രത്തിൽ ഭാഗവത സപ്താഹവും പ്രതിഷ്ടാ ദിന വാർഷികവും നടക്കുന്നു. കടേപ്രം ഗണപതി ക്ഷേത്രത്തിലും പുനഃ പ്രതി ഷ്ഠ ദിന ആഘോഷങ്ങളും നടക്കുന്നു. കൊങ്കച്ചി പുഴ സകല പ്രതാപങ്ങളും എടുത്ത് കാട്ടി കര കവിഞ്ഞൊഴുകുന്നു. കാലം കരവിരുത് തെളിയിച്ചു കൊണ്ട് സൃഷ്ട്ടികൾ വിപുലപ്പെടുത്തുന്നു.   

ഇത് ഒരു കാലഘട്ടത്തിൻറെ കഥയാണ്, നശിക്കപ്പെടുന്ന, ഗ്രാമീണത നഷ്ടമായി ക്കൊണ്ടിരിക്കുന്ന,  ഗ്രാമങ്ങളുടെ കഥയാണ്, സുന്ദര സുരഭിലമായിരുന്ന ഒരു കാലത്തിൻറെ കഥ, ഒരു ഗ്രാമത്തിൻറെ കഥ. അതിരാണിയും തൊട്ടാവാടിയും നിറഞ്ഞ വയൽ വരമ്പിലൂടെ നടക്കുമ്പോൾ കാലുകൾക്കു വല്ലാത്ത തളർച്ച തോന്നുന്നു. കണ്ണിൽ പൊടിഞ്ഞ രണ്ടു തുള്ളി ജലകണങ്ങളുമായി തപ്ത സ്മൃതികളുടെ തടവുകാരനായി ഞാൻ നടന്നു...................

ജയരാജൻ കൂട്ടായി .

No comments:

Post a Comment