Sunday, 31 July 2011

കൂരാറ

                                                              കൂരാറ
ഇത് എന്റെ ഗ്രാമത്തിന്ടെ  കഥ. അതി സുന്ദരിയായ കൂരാര. കൂരാറക്ക്‌ഒരു സിന്ധൂരപൊട്ടു പോലെ വിശാലമായി പരന്നു കിടക്കുന്ന കൂരാര വയല്‍, മറു ഭാഗത്ത്തല ഉയര്‍ത്തി നില്ക്കുന്ന കൊങ്കച്ചിക്കുന്നും കുന്നിനെ തഴുകി തലോടി ഒഴുകുന്ന കൊങ്കച്ചി പുഴയും മുതുവന പാറയുംഎല്ലാം കൂടി ഈ ഗ്രാമത്തെ ഒരു അതീവ സുന്ദരിയാക്കി മാറ്റുന്നു. ഞാന്‍ കുട്ടിയായിരുന്നപ്പോള്‍ കുളിക്കാന്‍ പോകുക കൊങ്കച്ചി പുഴയിലായിരുന്നു. അവിടെയാണ് ഞാന്‍ നീന്താന്‍ പഠിച്ചത്. അന്നുഎല്ലാം പുഴയിലെ വെള്ളം നല്ല ശുദ്ധമായിരുന്നു കുറുച്ചു നേരം ഒന്ന് നീന്തി കുളിച്ചാല്‍ എല്ലാ ക്ഷീണവും മാറി നല്ല ഉന്മേഷം ലഭിക്കുമായിരുന്നു.  ഇന്ന്  പുഴയില്‍ കുളിചെങ്കില്‍ ഉടനെ സ്‌കിന്‍ സ്പെഷലിസ്തിനെ കണ്ടു ചികിത്സ എടുക്കണം. അഴുക്കുകള്‍ വലിച്ചു എറിഞ്ഞും, മണല്‍ വാരി കോലം കെടുത്തിയും വികൃതിയാക്കിയ പുഴയെ കാണുമ്പോള്‍ നമ്മുക്ക് സഹിക്കാന്‍ പറ്റില്ല.
ഇനി കൂരാര വയലിന്ടെ അവസ്ഥ നോക്കാം. ഒരിക്കല്‍ വയല്‍ കാണുവാന്‍ നല്ല രസമായിരുന്നു. അതി രാവിലെ ഉണരുന്ന വയല്‍ വയ്കുന്നേരം ഏഴു മണി വരെ ഉണരരുന്നിരിക്കുമായിരുന്നു. മാര്‍ച്ച്‌ മാസം പകുതി ആകുമ്പോള്‍ വയലില്‍ വിത്ത് ഇടാന്‍ ഉള്ള തയ്യാറെടുപ്പ് തുടങ്ങും. മാറോളി ചാത്തു ചേട്ടനും പുല്ലാപ്പള്ളി കേളു ചേട്ടനും ആദ്യം തന്നെ പണികള്‍ തുടങ്ങിക്കും. പിന്നെ കടയപറം തെരുവിലെ പയ്തല്‍ ചെട്ടിയാര്‍   തുടങ്ങിക്കും. പിന്നീട് അങ്ങോട്ട് എല്ലാവരും പണികള്‍ തുടങ്ങും. കാലത്ത് അഞ്ചര മണിക്ക് കുളുത്തതും (രാത്രിയില്‍ ബാക്കി വരുന്ന ഭക്ഷണം) കഴിച്ചു പണിക്കാര്‍ എല്ലാവരും വയലില്‍ ഇറങ്ങും. കാളകളെ ‍ പൂട്ടി  നിലം ഉഴുതു മറിക്കും.  കുറ്ബന്മാരായ കാളകളെ വടിയാല്‍ അടിച്ചും "ബ്രാ ബ്രാ " എന്ന് ഒച്ച വച്ചും പണി ചെയ്യിക്കും. പെണ്ണുങ്ങള്‍ കട്ടയുടുക്കും. ഒന്‍പതു മണിക്ക് ചെരുപ്പററ മൂലയിലെ  ദാമു ചേട്ടന്ടെ കടയില്‍ പോയി ചായ കുടിക്കും. പത്തര മണി കഴിയുമ്പോള് വീട്ടില്‍ നിന്നും ഒരാള്‍ കഞ്ഞിയും പുഴുക്കും തലയില്‍ ചുമന്നു കൊണ്ടുവരും. പിന്നെ വാഴയുടെ തണലില്‍ ഇരുന്നു എല്ലാവരും കഞ്ഞി കുടിക്കും. ഒരു മണിയോടെ പണി നിര്‍ത്തി വീട്ടിലേക്ക് പോകും, ഇതിനു ഉച്ച പണി എന്ന് പറയും. അല്ലങ്കില്‍ മോന്തിപ്പണി എടുക്കും അപ്പോള്‍ ഉച്ചക്ക് ഒരു മണിക്ക് വീണ്ടുമൊരു കഞ്ഞിയും പുഴുക്കും കഴിക്കും. പിന്നെ നാലര മണിക്ക് വീണ്ടുമൊരു ചായ കുടിക്കും. ആറര മണി അകുമ്പോള് പണി നിര്‍ത്തി വീട്ടിലേക്ക് പോകും.‍ രണ്ടു പ്രാവശ്യം ഉഴുതു കഴിഞ്ഞാല്‍ പിന്നെ വിത്ത് വിതക്കും. മെയ്‌ മാസം അവസാനമാണ് ഇത് എല്ലാം നടക്കുക.ഏപ്പോഴും കുടുതുലും ജൂണ്‍ ഒന്നിന് മുന്പ് വിതച്ചുതീരും. മഴ തുടങ്ങിയാല്‍ കുറച്ചു ദിവസം കൊണ്ട് ഞാറു വലുതാകും. പിന്നെ നാട്ടിയാണ്. പെണ്ണുങ്ങള്‍ പാട്ടു പാടി ഞാറു നടും. പിരിയോല (പനമരത്തിന്ടെ ഓല ) ചൂടി വടക്കന്‍ പാട്ടുകളും പാടി ഞാറു നടും. പിന്നെ കുറുച്ചു നാള്‍ ഒന്നും ചെയാന്‍‍ ഇല്ല.

കതിര്‍ വരാന്‍തുടങ്ങിയാല്‍ വളം ചേര്‍ക്കും. കുരുച്ചുനാള്‍ കഴിയുമ്പോലെകും നെല്ല്‍ വിളയാന്‍ തുടങ്ങും. പിന്നെ വയലിനെ കാണുവാന്‍ നല്ല രസമാണ് ,പച്ചയും ഇളം മഞ്ഞയും കലര്‍ന നെല്ലിന്റെ ഇലയും സ്വര്‍ണ്ണനിറമാര്‍ന്ന കതിരുകളും കാണുവാന്‍ നല്ല ഭംഗിയാണ്. നെല്ല് കയറ്റുക എന്ന ഒരു ചടങ്ങ് ആ കാലത്ത് നിലനിന്ന്നിരുന്നു. വീട്ടമ്മ കാലത്ത് കുളിച്ചു പുത്തന്‍ ഉടുപ്പും ഇട്ടു വയലിലേക്കു പോയി അഞ്ചു കതിര് നെല്ല് പറിച്ചു ഒന്നായി കൂട്ടി കെട്ടി തലയില്‍ വച്ച് വീട്ടിലേക്ക് നടന്നു വരും. വഴിയില്‍ ആരെ കണ്ടാലും ഒന്നും സംസാരിക്കാന്‍ പടില്ലയെന്നാണ് വിശ്വാസം. വീട്ടില്‍ എത്തിയാല്‍ പടിഞ്ഞിററയില്‍ കൊണ്ടുപോയി വച്ച് വിളക്ക്‌ കൊളുത്തി പൂജ ചെയ്യും. അന്ന് രാത്രി ഉണ്ടാക്കുന്ന അരീപായസത്തില്‍ കതിരില്‍നിന്നു അഞ്ചു മണി നെല്ല് എടുത്തു പൊളിച്ചു പായസത്തില്‍ ഇടും. പിന്നെ പായസം അകത്തു വെക്കും (മരിച്ചുപോയ്‌വര്‍ക്ക് കഴിക്കാന്‍ എന്ന വിശ്വത്തില്‍ പടിഞ്ഞിററയില്‍ വച്ച് വിളക്കും കൊളുത്തി വാതില്‍ അടക്കും.) പത്തു മിനിറ്റ് കഴിഞ്ഞു പുറത്ത് എടുത്തു എല്ലാവരും അതില്‍ നിന്ന് കുറച്ചു കഴിക്കും. അതിനു ശേഷം മാത്രമേ പായസം വിളമ്പുകയുള്ളൂ.

ഓഗസ്റ്റ്‌ ആവുമ്പോള്‍ തോന്ന്നൂരാന്‍ വിളഞ്ഞു കഴിയും(ഓണത്തിന് വേണ്ടി വേഗം വിളയുന്ന ഒരു നെല്ല് ) പിന്നെ കൊയ്തു തുടങ്ങും. ഒരു മാസത്തോളം  കൊയ്തിന്റെ കാലമാണ്. കൊയ്ത്തു സമയത്ത് ഒരു പാട് മീന്‍ കിട്ടും. വലിയ ബക്കറ്റുകളില്‍ മീന്‍ നിറച്ചു കൊണ്ടുപോകും. കൊയ്ത്തു കഴിഞ്ഞാല്‍  കറ്റ തക്കും. പിന്നെ കാറ്റ്ഓല വീശി തൂറ്റും. എന്നിട്ട് പദം അളക്കും (കൂലി കൊടുക്കുന്ന സമ്പ്രദായം) നെല്ലും തുണിയില് കെട്ടി തലയില്‍ വച്ച് പണിക്കാര്‍ വീട്ടിലേക്ക് പോകും. ‍  പിന്നെ പുത്തരിയുല്സവമാണ്. ചോറും, പായസവും, നല്ല നല്ല പല തരം    കറിയുമായി വിഭവ സമിര്ധമായ സദ്യ ഉണ്ടാകും. അന്നൊക്കെ വിശേഷ ദിവസങ്ങളില്‍ മാത്രമേ വയര്‍ നിറച്ചു ഭക്ഷണം കിട്ടുകയുള്ളൂ. പിന്നെ നെല്ല് പുഴുങ്ങി ഉണക്കി ഉരലില്‍ ഇട്ടു കുത്തി അരിയാക്കി ചോറു ഉണ്ടാക്കുകയാണ്  പതിവ്, ചിലപ്പോള്‍ നില്‍ക്കാതെ മഴ പെയ്യും, അപ്പോള്‍ പുഴുങ്ങിയ നെല്ല് ഉണക്കാന്‍ പറ്റില്ല , അപ്പോള്‍ കലത്തില്‍ ഇട്ടു വറുത്തു കുത്തി അരിയാക്കി ചോറ് ഉണ്ടാക്കും. കൊയ്തു  കഴിഞ്ഞാല്‍ രണ്ടു മാസത്തോളം വയലില്‍ വെള്ളം ഉണ്ടാവും. വെള്ളം വറ്റി കഴിഞ്ഞാല്‍ കൊത്തി കുറെ ഭാഗം പച്ചക്റിയും കുറെ ഭാഗം മുതിര, മമ്പയര്‍ , ഉഴുന്ന് എന്നിങ്ങനെയുള്ള ധാന്യങ്ങള്‍ കൃഷി ചെയ്യും. കുറെ കാലത്തേക്ക് എങ്കിലും നല്ല ഒരു വരുമാന മാര്‍ഗമായിരുന്നു ഇതല്ലാം. എന്റെ അമ്മ വാച്ചക്കല് ജാനകിയുടെ കൂടെ ഞാനും ഞങ്ങളുടെ വയലില്‍ പോകുമായിരുന്നു.‍ ഇങ്ങന്നെയുള്ള ജോലികളൊക്കെ ഞാനും കുറെ ചെയയ്തിട്ടുട്. എന്റെ അമ്മ മരിക്കുന്നതവരെയും  മുടങ്ങാതെ  എല്ലാ വര്‍ഷവും  വയലില്‍ നെല്‍ കൃഷി ചെയ്യിക്കാറുണ്ട്.

നാട് നീങ്ങിയ പല ആചാരവും സംസ്കാരവും കൂരാരയില്‍ ഉണ്ടായിരുന്നു. പണ്ടുകാലത്ത് ഏതാണ്ട് എല്ലാ വീടുകളും ഓല കെട്ടിയതായിരുന്നു. ഓല രണ്ടായി കീറി ഒന്നിച്ചു ഒരു പതിനഞ്ചു ഓലയുടെ ഒരു  കെട്ടു ആക്കി തലയില്‍ചുമന്നു പുഴയില്‍ കൊണ്ടുപോയി കുതിരാന്‍ ഇടും. വയ്കുന്നേരം തിരിച്ചു ഏടുത്തു കൊണ്ടുപോരും. വീട്ടിലുള്ള സ്ത്രീകള്‍ രാത്രിയില്‍ഇര്രുന്നു  മടയും. എന്നിട്ട് ഉണക്കി പറം വയ്ക്കും. ഇടിന്റെ പിറകില്‍ ഞങള്‍ കുട്ടികള്‍ എല്ലാം ഇരുന്നു കളിക്കും. വീട് കെട്ടുവാന്‍ അവശ്യമുള്ള ഓല തികഞ്ഞാല്‍ പുര കെട്ടാന്‍ തീരുമാനിക്കും. അതും ഒരു ആഘോഷമായിരുന്നു. പുര കെട്ടി കഴിഞ്ഞാല്‍ തീ പേടി തീര്‍ക്കുക എന്ന ഒരു ചടങ്ങ് ഉണ്ട്. വലിയ ചൂട്ട് കത്തിച്ചു പുരയുടെ മുകളിലുള്ള ഒരു ഓലക്ക് തീ വയ്ക്കും. എന്നിട്ട് തീ അടിച്ചു കെടുത്തും എന്നാല്‍ ആ വര്ഷം മുഴുവന്‍ തീയെ ഭയക്കേണ്ടതില്ല എന്നാണ് വിശ്വാസം. പിന്നെ രാത്രിയില്‍ പായസം ഉണ്ടാക്കി പാത്രത്തില്‍ഏടുത്തു ഓല ചൂട്ടും കത്തിച്ചു വീടിനെ ചുറ്റി മൂന്ന് പ്രാവശിയം പായസം വലിച്ചെറിയും. അപ്പോള്‍ കുനിയന്‍ ഉറുമ്പ്, കട്ടുറുമ്പ്, ചോണന്‍ ഉറുമ്പ്, നെയ്യി ഉറുമ്പ്, പാമ്പ് ഉറുമ്പ് ഇങ്ങനെ പേര് വിളിക്കണം. എന്നാല്‍ ആ വര്ഷം മുഴുവനും വീട്ടില്‍ ഉറുമ്പ് ശല്ലിയം ഉണ്ടാകില്ല എന്നാണ് വിശ്വാസം. വിഷുവിനുമുന്പ് പുരകെട്ടു കഴിയ്ണമെന്നാണ് വിശ്വാസം. ഇന്ന് എന്താണ് ഓല വീട് എന്ന് ആര്‍ക്കും അറിയില്ല. ഓല വീട്ടില്‍ ഉറങ്ങാന്‍ നല്ല സുഖമായിരുന്നു.

മിഥുന മാസം മുപ്പതാം  തിയ്യതി കര്കിടകത്തെ വരവെല്‍ക്കുവാനുള്ള തയാറെടുപ്പുകള്‍ തുടങ്ങും. മുപ്പതാം തിയ്യതി ദൈവവും പോതിയും മലകയറും അപ്പോള്‍ ചിന്നും ചെകുത്താനും മല ഇറങ്ങി വരുമെന്ന് വിശ്വാസം. വീട് വൃത്തിയില്ലെങ്കില്‍ ചിന്നും ചെകുത്താനും വേഗം വീട്ടില്‍ കയറി വരും. അതിനാല്‍ കര്കിടകം തുടങ്ങ്ങുന്ന ദിവസം രാവിലെ അടിച്ചു തളിച്ചു ശുദ്ധം വരുത്തി കോണിയുടെ ഇടവും വലവും   ചിരട്ടയില്‍ ചാണകം കലക്കി നിറച്ചു വയ്ക്കും. എന്നാല്‍ ചിന്നിനും ചെകുത്താനും വീട്ടില്‍ കയറാന്‍ സാധ്യമല്ല എന്ന് പ്രായമായവര ‍വിശ്വസിച്ചിരുന്നു.കോമത്ത് അമ്മിണി അമ്മയും മകന്‍ സ്വാമി നാഥനും കൂടി കൂരാരയിലുള്ള എല്ലാ വീടുകളും കയറി വേടന്‍ പാട്ട് പാടും. പാടി കഴിഞ്ഞാല്‍ മഞ്ഞള്‍ കലക്കിയത് കൊണ്ടുള്ള മഞ്ഞ ഗുരുസ്സിയും  ഉമിക്കരി കലക്കിയതും കൊണ്ടുള്ള കറുപ്പ്ഗുരുസ്സി തെക്കും വടക്കും ഒഴിക്കും. പിന്നെ മുറത്തില്‍ നെല്ല് കൊടുക്കും. അതിനു ശേഷം അനുഗ്രഹം നല്‍കി അടുത്ത വീട്ടിലേക് നടക്കും. കര്‍ക്കിടകത്തില്‍ വാവിന്റെ തലേദിവസം മുതല്‍ വീട്ടില്‍ ഒരാള്‍ നോമ്പ്നോല്കും.  മരിച്ചവുരുടെ ശാന്തിക്ക് വേണ്ടി വാവ് ദിവസം രാവിലെ കുളിച്ചു ബലി ഇടും.

കൂരാരയില്‍ രാമായണം വായിക്കുന്ന ഒരാള്‍ മാത്രമേഉണ്ടായിരിന്നുള്ളൂ അത് തുണ്ടിയില്‍ ചാത്തുക്കുട്ടി ചേട്ടന്‍ ആയിരുന്നു. കര്കിടകം ഒന്നാം തിയ്യതി രാവിലെ മൂപ്പര്‍ കുളിച്ചു പുത്തന്‍ ഉടുപ്പും ഇട്ടു വായിക്കുവാന്‍ ഇരിക്കും. വായന കേള്‍ക്കാന്‍ ബഹു രസമാണ്. ഞാന്‍ വളരെ   രസത്തോടെ കേട്ട് നില്കുമായിരുന്നു. ചാത്തുക്കുട്ടി ചേട്ടന്‍  മരിച്ചതിനു  ശേഷം ഞാന്‍ ടീവിയില്‍ മാത്രമേ രാമായണം വായന കേട്ടിട്ടുള്ളൂ.   

ചിങ്ങമാസത്തില്‍ ഓണത്തിന്ടെ ഒരുക്കങ്ങളാണ്. അത്തം തുടങ്ങിയാല്‍  പിന്നെ പൂവിന്നു വേണ്ടിയുള്ള മത്സരവും നെട്ടോട്ടവും ആണ്ചിറമ്മേല്‍  അബ്ദുള്ള  ഇക്കയായിരുന്നു ഓണം, വിഷു, പെനുന്നാല് ദിവസങ്ങളില്‍ ആട്ടിറച്ചി വിതരണം ചെയ്തിരുന്നത്. അത്തം തുടങ്ങിയാല്‍ തന്നെ ഇറച്ചി ഓര്‍ഡര്‍ ചെയ്തുവ്യ്ക്കും. ആവശ്യം അനുസരിച്ച് അയാള്‍ ആടുകള വാങ്ങും എന്നിട്ട് ഓണം വരെ നന്നായി തീറ്റ കൊടുത്തു തടിപ്പിക്കും.ഓണ ദിവസം നന്നേ വെളുപ്പിനെ പോയി ആളുകള്‍ ഇറച്ചി വാങ്ങും. ഉടുപ്പുകളെല്ലാം രണ്ടു ദിവസങ്ങള്‍ക്കു മുമ്പ് തന്നെ വാങ്ങി വയ്ക്കും. ഉച്ചക്ക് കുളിച്ചു മാത്രെമേ ഊണ് കഴിക്കു.

തുലാമാസത്തില്‍ ഗോതാവേരി പാട്ടുമായി വീണ്ടും അമ്മിണി അമ്മയും സ്വാമി നാഥനും, പിന്നെ രണ്ടു പേരും കൂടി വരും.അപ്പോള്‍ അവര്‍ക്ക് നെല്ല്, ചക്കക്കുരു വെല്ലെരിക്കയൊക്കെ കൊടുക്കണം. തുലാം ഒന്‍പതാം തിയ്യതിയും പത്താം  തിയ്യതിയും വെളുപ്പിന്ഉണര്‍ന്നു തിരി വെക്കും. അവില്‍, പഴം, ശര്‍ക്കര എന്നിവ നാക്കിലയില്‍ ഉമ്മറത്ത വയ്ക്കും. ഇളനീര്‍ കൊത്തി വയ്ക്കും, പിന്നെ നിലവിളക്കും കൊളുത്തി കുട്ടികളെല്ലാം ഉമ്മറത്തിരുന്നു കൂ .. കൂ.. കൂ. എന്ന് കൂവും. അപ്പോള്‍ അടുത്ത വീട്ടില്‍ നിന്ന് അതിലും ഉച്ചത്തില്‍ കൂ.. കൂ. കൂ.. എന്ന് കൂവും. ഈ ഒരു ആചാരം ഇന്നെത്തെ കുട്ടികള്‍ക്ക് അത്ജ്ജാതമാണ്.

കൂരാരയില്‍ പണ്ടുകാലത്ത് കളരികള്‍ ഉണ്ടായിരുന്നു. കുട്ടികള്‍ രാവിലെ എണ്ണയും കുപ്പിയില്‍ എടുത്തു കളരിയിലേക്ക് പോകും. അവിടെ ഗുരുക്കള്‍ കളരി മുറകള്‍ പഠിപ്പിക്കും. ചാടി കെട്ടി ചവുട്ടി വലിഞ്ഞു അമര്‍ന്നു ... അമര്ച്ചയിലെടുത്തു ... ഇടത്തുനെരെ  ... വലത്തുനെരെ  ... അങ്ങിനെ പോകുന്നു മുറകള്‍. പാത്തിക്കെലെ വയലില്‍ സുലൈമാന്‍ കോല്‍ക്കളി നടത്തുമായിരുന്നു. കൈതേരി ആമ്പുവിന്ടെ ചൈതന്ന്യ സമ്പത്തിനാല്‍ എന്ന് തുടങ്ങുന്ന പാട്ടുകള്‍ രാത്രിയില്‍ കേള്‍ക്കുമായിരുന്നു. ഇന്ന് കളരിയും കൊല്‍ക്കളിയും നാട് നീങ്ങി എത്രയോ വര്‍ഷങ്ങള്‍ ആയി.

ഇരുപത്തഞ്ചു പൈസക്ക് നൂറു മത്തി ഞാന്‍ വാങ്ങിയിട്ടുണ്ട്. നാല്അണ എന്നാണ് പറയുക. ആറു പൈസ കൊടുത്താല്‍ ഒരു സാദാരണ കുടുംബത്തിനു ആവശ്യമായത്ര മീന്‍ കിട്ടും. ഞള്ളി ചാത്തു ചേട്ടനും, കുഞ്ഞൂട്ടി  ചേട്ടനും  ആണ്  കൂരാറയില്‍ അന്ന് മീന്‍ വിറ്റിരുന്നത്. രണ്ടണക്ക് കോളയാടന്‍ കിഴങ്ങും രണ്ടണക്ക് മത്തിയും ഒരു അണക്ക് ആട്ടിന്‍പാലും  നാഴി  അരിയും ഉണ്ടായാല്‍ പത്തുപേരുള്ള ഒരുകുടുംബം പട്ടിണിയില്ലതെ 
കഴിയും. അന്നുഒക്കെ എല്ലാ വീട്ടിലും പട്ടിണിയായിരുന്നു.

ചാത്തു അച്ഛന്റെയും  ചീരുവമ്മയുടയും മകള്‍ മാതുവിന്ടെ കല്ലിയാണം ഉറപ്പിച്ച ദിവസം എനിക്ക് ഇന്നും ഓര്‍മയുണ്ട്. രാത്രി അച്ഛനും അമ്മയും പറയുകയാണ് കുറഞ്ഞത്‌ ഒരു പവന്‍ കൊടുക്കണം പവന് എന്താ വില തൊന്നുട്ടിഎട്ടു രൂപയാ. എവിടെ നിന്ന് അവര്‍ ഇത്രയും പണം ഉണ്ടാക്കും. എന്തായാലും മാതുവിന്ടെ കല്ലിയാണം സമയത്ത് തന്നെ നടന്നു. ഇന്ന് പറഞ്ഞ പൊന്നുകൊടുക്കാന്‍ പറ്റാതെ പലരും അത്മഹത്യവരെ ചെയുന്നു.  കലികാല വൈഭവം തന്നെ.

കൂരാരകുന്നുമ്മേല്‍ ക്ഷേത്രവും മണ്ടോളയില്‍ ക്ഷേത്രവും കൂരാരായില്‍ പ്രശസ്ത്തമാണ്. കുന്നുമ്മേല്‍ തിറയുത്സവം ഡിസംബര്‍ അവസാനമാണ്. കുട്ടിച്ചാത്തനും രക്തചാമുണ്ടിയും പോതിയും ആടി തിമിര്‍ക്കുന്നു. മണ്ടോളയില്‍ ജനവരി അവസാനമാണ് തിറ.  അങ്കക്കാരനും, ഗുളികനും, ചാമുണ്ടിയും, കാരണവരും മറ്റു തിറകളും ഉണ്ടാകും. രണ്ടു ക്ഷേത്രത്തിലെയും തിറയില്‍ ദൈവരൂപങ്ങള്‍ ആടി തിമിര്‍ക്കുന്നു.  നാടിന്നു   ഐശ്വരിയം കിട്ടുവാന്‍ വേണ്ടിയാണ് തിറയുല്സവങ്ങള്‍ നടത്തുന്നത്. കൂരാര കടയപ്പുറം ഗണപതി ക്ഷേത്രവും, കടയപ്പറം പള്ളിയും പ്രശസ്തമാണ്‌..

ഫിബ്രവരി മാസത്തില്‍ കൂരാര വയലില്‍ ഉച്ചാര്‍ ദിവസത്തില്‍ വെള്ളരി നടും. വെള്ളരി കായാവുമ്പോള്‍ കുറുക്കന്‍ കടിച്ചു തിന്നുകളയും. അപ്പോള്‍ വയലില്‍ പന്തല്‍ കെട്ടി രാത്രിയില്‍ കാവല്‍ കിടക്കും. ചെറുപ്പക്കാര്‍ കൂട്ടത്തോടെ രാത്രിയില്‍ കുമ്പളങ്ങയും മമ്പയറും വെല്ലവും ചേര്‍ത്ത് പുഴുങ്ങി കഴിക്കും. എന്നിട്ട് അവിടെ തന്നെ പന്തലില്‍ വിരിച്ചു ഉറങ്ങും. ഇത്എല്ലാം വളരെ രസകരമായ അനുഭവം ആയിരുന്നു. ഉചാറിനെപ്പറ്റി രസകരമായ ഒരു കഥയുണ്ട്. ഉചാരിന്റെ രണ്ടു ദിവസം മുന്പ് വീടും പരിസരവും വൃത്തിയാക്കി ചാണകം തളിച്ച് ശുദ്ധം വരുത്തും. ഈ ചടങ്ങ് ഉച്ചാര്‍ വരയുക എന്ന പേരില്‍ അറിയപ്പെടും. പക്ഷെ പ്രായമായവര്‍ കുട്ടികളെ ഉച്ചാര്‍ വരയുന്ന കൊക്ക വാങ്ങി വരുവാന്‍ അടുത്ത വീട്ടില്‍ പറഞ്ഞുഅയക്കും, ഇങ്ങിനെ ഒരു കൊക്ക  ഇല്ല,  ചടങ്ങിനു  പറയുന്ന പേര്‍ മാത്രമാണ് ഉച്ചാര്‍ വരയുക എന്നത്. കുട്ടികള്‍ അടുത്ത വീട്ടില്‍ എത്തിയാല്‍ മാത്രമാണ് തന്‍റെ അപദ്ധം മനസ്സിലാകുക. എന്താണ് ഉച്ചാര്‍ എന്ന് ഇന്നെത്തെ തലമുറയില്‍ ആര്‍ക്കും അറിയില്ല. ഉച്ചാര്‍ ഉച്ചക്ക് സദ്യയും കഴിച്ചു വെള്ളരിനട്ടാല്‍ ഒന്നാം വിഷു ദിവസം സദ്യയും കഴിച്ചു വെള്ളരി പറിച്ചു എടുക്കുക എന്നതാണ് നില നിന്നിരുന്ന ആചാരം.

കൂരാര നാട്ടില്‍ ഒരു കല്ലിയാണം വന്നാല്‍ അത് നട്ടീല്  ഉത്സവം പോലെയായിരുന്നു
 നടെമ്മേല്‍ കുഞ്ഞണ്ണന്‍ഏട്ടനും രാമട്ടനും ആ കാലത്തെ കല്യാണ സദ്യ  ഒരുക്കാന്‍
മുന്നില്‍ ഉണ്ടാവും. പിന്നെ നാട്ടുകാര്‍ മുഴുവനും രണ്ടു ദിവസത്തെ ഭക്ഷണം 
ഉണ്ടാക്കും. ആദ്യമൊക്കെ കല്യാണതലേന്ന് ഉച്ചക്ക് കഞ്ഞിയും പുഴുക്കും
ആയിരുന്നു പിന്നെ രാത്രി ചോറും കറികളും ഉണ്ടാവും. രാത്രി പെണ്ണുങ്ങള്‍ അരക്കുവാന്‍ തുടങ്ങിയാല്‍ രസകരമായ വടക്കെന്‍ പാട്ടുകള്‍ പാടുമായിരുന്നു. വയ്കുന്നേരം തെങ്ങില്‍ മൈക്ക് കെട്ടി റികാര്ട്  ചെയ്ത  സിനിമ പാട്ടുകള്‍ വൈക്കുമായിരുന്നു. കല്ലിയാണത്തിന് മീന്‍ കറി നിര്‍ബന്ധമായിരുന്നു. ഇന്നത്തെപോലെ തലേന്നാള്‍ ഉച്ചക്ക് ചോറും കറിയും, വയ്കുന്നേരം ബിരിയാണിയും ഒന്നും അന്ന് ഉണ്ടായിരുന്നില്ല. പിന്നെ അന്ന് ഏടുത്തു പറയുവാനുള്ള ഒരു കാരിയം അന്നെത്തെ എല്ലാ കാരിയങ്ങളും സൌജന്ന്യമായി ആണ് നാട്ടുകാര്‍ ചെയ്തിരുന്നത്. കല്ലിയാ ണത്തിനു ഒരു പൈസപോലും കൂലി വാങ്ങു മായിരുന്നില്ല. പിന്നെ  മദ്യ  സല്കാരവും  ഉണ്ടായിരുന്നില്ല. നാട്ടുകാര്‍ അവരുടെ ഉത്തരവാദിത്ത്വമായി കണ്ടു എല്ലാകാരിയവും ചെയ്യുമായിരുന്നു. ഇന്ന് കണക്കു പറഞ്ഞു ഉറച്ചാല്‍  മാത്രമേ പണിക്കു ആളുകള്‍ വരുകയുള്ളു.

വടക്കെന്‍ കേരളത്തില്‍ വിഷു ആഘോഷം വളെരെ പ്രശസ്തമാണ്. കൂരാരയിലും വിഷു നന്നായി ആഘോഷിക്കും. പടക്കങ്ങള്‍ രണ്ടു മാസം മുന്പേതന്നെ വില്പന തുടങ്ങും. ബോര്‍ഡ്‌ കളി എന്ന ഒരു കളി അന്ന് നിലവിലുണ്ടായിരുന്നു. അഞ്ചു പൈസ കൊടുത്തു ഒരു ബോര്‍ഡ്‌ വങ്ങും. മൊത്തം പത്തു പേര്‍ ആണ് ഉണ്ടാവുക. അമ്പതു പൈസയുടെ ബോര്‍ഡ്‌ കള്‍ കൊടുക്കും. ഒരാള്‍ ഒരു പാത്രത്തില്‍നിന്നു നമ്പര്‍ എടുത്തു വായിക്കും. വായിക്കുന്ന നമ്പര്‍ നമ്മുടെ ബോര്‍ഡില്‍ ഉണ്ടെങ്കില്‍ അവിടെ അടയാളപെടുത്തും. അങ്ങിനെ നമ്മുടെ കൈയില്‍ ഉള്ള ബോര്‍ഡില്‍ നമ്പര്‍ ഒത്തു വന്നാല്‍ നമ്മുക്ക് സമ്മാനം കിട്ടി. അമ്പതു പൈസയുടെ പടക്കം നമുക്ക് സ്വന്തം. ഇങ്ങിനെ ഏഴോ, എട്ടോ തവണ സമ്മാനം കിട്ടും. അപ്പോള്‍ ആ വര്‍ഷത്തെ പടക്കം ആകും. പടക്കത്തിന് പണം ഉണ്ടാക്കുവാന്‍ കുട്ടികള്‍ കൊങ്കച്ചി കുന്നില്‍ കശുവണ്ടി പറിക്കുവാന്‍ പോകും. ചെറിയ മോഷണം എന്ന് പറയാം. ചിലപ്പോള്‍ പരിച്ചുകൊണ്ടിരിക്കുമ്പോള്‍ ഉടമ ചീരുഏടത്തി വരും. കൈയില്‍ ഒരു കൊക്കയും ഉണ്ടാകും. അങ്ങിനെ കുസൃതികള്‍ അവര്‍ക്ക് കൊക്ക ചീരു എന്ന് പേരും വച്ചു . പിള്ളേര്‍ മരത്തില്‍ ഇരുന്നു കശുവണ്ടി പറിക്കുന്നത്‌ കണ്ടാല്‍ ഒച്ചയുണ്ടാക്കാതെ പോയി കൊക്ക കൊണ്ട് ഉടുപ്പില്‍ കൊളുത്തി താഴേക്ക് വലിക്കും. ചിലര്‍ താഴേക്ക്‌ വീഴും. മറ്റുള്ളവര്‍ ജീവനും കൊണ്ട് ഓടും. ചില്ലറ പരിക്കുകള്‍ പറ്റിയവര്‍ കാരിയം രഹസിയമാക്കി വൈക്കും.

ഞാന്‍ കുടുംബസമേതം കഴിഞ്ഞ വര്ഷം  ട്രെയിനില്‍  ഗുജറാത്തില്‍ പോകുമ്പോള്‍ രത്നഗിരിയില്‍ വച്ച് ഒരു കാളവണ്ടി കാണുവാന്‍ ഇടയായി. എന്ജിനിയരിങ്ങിനു പഠിക്കുന്ന എന്റെ മോള്‍ക്ക്‌ അത് ഒരു വലിയ അത്ഭുദം ആയിരുന്നു. അത് എന്ടാണ് എന്ന് ഞാന്‍ പറഞ്ഞു മനസ്സിലാക്കിയപ്പോള്‍ അവള്‍ കാളവണ്ടിയില്‍നിന്ന് പിക്കപിലെക്കുള്ള ശാസ്ത്രപുരോഗതിയെപറ്റി വാചാലമായി. പക്ഷെ മനുഷ്യ മനസ്സുകള്‍ അത്രയും പുരോഗമിച്ചില്ല എന്നാണ് അവളുടെ പക്ഷം.

കണ്ണൂര്‍ ജില്ലയില്‍ ദുര്‍ഭൂതത്തെ പോലെ എത്തിച്ചേര്‍ന്ന രാഷ്ട്രിയ സങ്കര്‍ഷങ്ങള്‍ കൂരാരയെയും ബാദിചിട്ടുണ്ട്. എങ്കിലും രാഷ്ട്രിയം മാറ്റിവച്ചാല്‍ ജനങ്ങള്‍ വളെരെ സ്നേഹത്തിലാണ്. ഇന്നും പരസ്പര സ്നേഹത്തിനു കാരിയമായ കുറവുകള്‍ വന്നിട്ടില്ല. കൂരാരയിലെ ജനങ്ങള്‍ മതം, രാഷ്ട്രിയം, തീവ്രവാദം, എന്നിവ മാറ്റിവച്ചു സ്നേഹത്തോട് കൂടി എല്ലാ കാലവും കഴിയെട്ടെ എന്ന് പ്രാര്‍ത്ഥിക്കാം.

നാടുനീങ്ങിയ ഈ കഥ കൂരാരയുടെ മാത്രം കഥയല്ല.  കേരളത്തിലെ എല്ലാ ഗ്രാമതിന്ടെയും കഥയാണ്. നമ്മുടെ ആചാരങ്ങളും, അനുഷ്ടാനങ്ങളും നഷ്ടപെടാതെ സൂക്ഷിക്കാന്‍ ഓരോ കേരളീയനും ശ്രമിക്കുമെന്ന് ആശിക്കാം. നഷ്ടമായ ആ നല്ല കാലവും ആചാരങ്ങളും തിരിച്ചു എടുക്കവാന്‍ നമുക്ക് ഒന്ന് ഒത്തു ശ്രമിച്ചുകൂടേ ...............................


ജയരാജന്‍ കൂട്ടായി
സായി കൃപ
പോസ്റ്റ്‌ പൊന്നിയം ഈസ്റ്റ്‌
തലശ്ശേരി























 



1 comment:

  1. Very nice. Nostalgic and cross section of culture and character of Koorara. Thanks for detailed explanations.

    ReplyDelete