Friday, 26 October 2012

തേങ്ങപുണ്ണാക്ക്

                                                                    തേങ്ങപുണ്ണാക്ക്

എന്‍റെ കുട്ടിക്കാലത്ത് കടയിൽ പോയി വീട്ട് ആവശ്യത്തിനുള്ള നിത്യോപയോഗ സാധനങ്ങൾ വാങ്ങുക എൻറെ ജോലി ആയിരുന്നു. അത്  ചെരുപ്പ് അറ്റ മൂല യിലെ ദാമു ചേട്ടന്‍റെ കടയില്‍ ആയിരുന്നു. ചായയും പുട്ടും കടലക്കറിയും മറ്റു പലഹാരങ്ങളും പിന്നെ ആരിയും പല വ്യെഞ്ഞനങ്ങളും ഉള്ള കട ആയിരുന്ന തിനാല്‍ ഏപ്പോഴും നല്ല തിരക്ക് ഉണ്ടാവുമായിരുന്നു. പല ആവശ്യങ്ങൾക്കായി  ദിവസ്സത്തിൽ പത്തു തവണ എങ്കിലും ഞാൻ പോയി വരും. അമ്പതു വെളിച്ചെ ണ്ണ,ഇരുപത്തിയഞ്ച് ഗ്രാം ചായ പൊടി, അമ്പതു ഗ്രാം പഞ്ചസാര രണ്ടു കിലോ കോളിയാടന്‍ കിഴങ്ങ് ഇങ്ങിനെ പോകുന്നു എന്റെ ലിസ്റ്റില്‍ ഉള്ള സാധനങ്ങള്‍. പണത്തിനു നല്ല പഞ്ഞം ഉള്ള കാലം ആയിരുന്നു. നാട്ടില്‍ ഏവിടെയും പട്ടിണിയായിരുന്നു, വാങ്ങുന്ന സാധനങ്ങളുടെ അളവ് കണ്ടാല്‍ തന്നെ അത് ബോധ്യമാകുമല്ലോ. കടയില്‍ ചെന്ന് കഴിഞ്ഞാല്‍ എനിക്ക് തിന്നുവാന്‍ രണ്ടു കഷണം തേങ്ങപുണ്ണാക്ക് എല്ലാ ദിവസ്സവും വേണമായിരുന്നു. എലിയുണ്ട്  എങ്കിലും എലിപ്പനിയോ, പക്ഷികള്‍ ഉണ്ടങ്കിലും പക്ഷി പനിയോ ഇല്ലാതിരുന്ന കാലമായതിനാല്‍ തേങ്ങപുണ്ണാക്ക്  തിന്നുന്നതിന് ഭയക്കേണ്ട കാര്യവും  ഇല്ലാ യിരുന്നു, പിന്നെ ചൂടുള്ള തേങ്ങപുണ്ണാക്ക് തിന്നുവാന്‍ നല്ല രുചിയുമായിരുന്നു. കടയില്‍ എത്തിയാല്‍ ദാമു ചേട്ടന്‍ എന്താണ് വേണ്ടത് എന്ന് ചോദിക്കും, അപ്പോ ള്‍ ഞാന്‍ സാധനങ്ങളുടെ പേരും എനിക്ക് തിന്നുവാന്‍ രണ്ടു കഷണം  തേങ്ങപു ണ്ണാക്കും എന്ന് പറയും . ഒരു ദിവസ്സം ദാമു ചേട്ടന്‍ എന്നോട് പറഞ്ഞു, നാളെ മുതല്‍ ലിസ്റ്റില്‍ തേങ്ങപുണ്ണാക്ക് ചേര്‍ക്കണ്ട, ആവശ്യമുള്ളത്ര എടുത്തു കഴിച്ചു കൊള്ളു എന്നോട് അനുവാദവും ചോദിക്കേണ്ടതില്ല എന്ന് . അന്ന് ഒരു ലോട്ടറി  അടിച്ച സന്തോഷമായിരുന്നു എനിക്ക്.

കൂരാറ വയലില്‍ നാട്ടി (ഞാറു പറിച്ച്  നടുന്നതിന് നാട്ടി എന്നു പറയുമായി രുന്നു) നടക്കുന്ന സമയം ഇടക്ക് കുനിയിലെ ദേവി ഏടത്തിയും (വാസു ചേട്ടന്‍റെ അമ്മ) കുഞ്ഞിക്കണ്ടി മന്നി ഏടത്തിയും ദാമുവേട്ടന്റെ കടയില്‍ ചായ കുടിക്കാന്‍ എത്തിയിരുന്നു, അപ്പോള്‍ നടമ്മേല്‍ രാമേട്ടനും ഉതിരുമ്മേല്‍ കുഞ്ഞിരാമന്‍ നായരും കൂടി രസകരമായ ഒരു കഥ പറയുകയുണ്ടായി. വെള്ളക്കാരുടെ ഭരണ  കാലത്ത് സായിപ്പ് കുതിരപ്പുറത്ത് പോകുമ്പോള്‍ മാവില്‍ നിന്നും ഒരു വലിയ മാമ്പഴം മുന്നില്‍ വീണു, ഉടനെ അത് എടുക്കുവാന്‍ കുതിരപ്പുറത്ത്  നിന്ന്  ചാടി ഇറങ്ങിയ സായിപ്പിന്‍റെ ചെരിപ്പിന്‍റെ വള്ളി അറ്റുപോയി എന്നും അന്ന് മുതല്‍ അവിടം ചെരുപ്പ്അറ്റ മൂല എന്ന് അറിയപെടാന്‍ തുടങ്ങി എന്നുമായിരുന്നു ആ കഥ. എന്തായാലും കഥക്ക് ആധികാരികമായ തെളിവ്കള്‍ ഒന്നും ഇല്ലായിരുന്നു .

മണ്ടോളയില്‍ തിറ നടക്കുന്ന കാലം, ദാമുവേട്ടനും കടയില്‍ പന്തൽ കെട്ടി കോഴിഇറച്ചിയും പുട്ട് കറിയും എല്ലാം ഉണ്ടാക്കും,വെളുക്കുന്നത്‌വരെ കടയില്‍ തകൃതിയായി കച്ചവടം നടക്കും, തിറ പ്രമാണിച്ച് കൂരാറ വയലില്‍ ചീട്ടു കളിയും നടക്കും. വെളുക്കും വരെ ആളുകൾ പോയും വന്നും കൊണ്ടി രിക്കും.

ഒരിക്കല്‍ ബോംബയില്‍ നിന്നും നാട്ടില്‍ എത്തിയ ഞാന്‍ എന്‍റെ കസിന്‍ആയ മുകുന്ദന്‍ ചേട്ടനുമായി (അന്ന് ആള്‍ വില്ലേജ്ഓഫി സര്‍ ആയിരുന്നു) മണ്ടോള യില്‍ തിറക്ക്‌ പോയി വളരെ വൈകിയാണ് ഞങ്ങള്‍ തിരിച്ചു വരാന്‍ ഇറങ്ങി യത് , കൂരാറ വയലിന്‍റെ നടുക്ക് എത്തിയ ഞങ്ങള്‍ വഴി തെറ്റി, ആറ്റു പുറത്തു വരേണ്ട ഞങ്ങള്‍ കടയപ്രം തെരുവിലാണ് എത്തിയത്. പിന്നെ വളരെ ബുദ്ധിമു ട്ടിയും വിഷമിച്ചുമാണ് ഞങ്ങൾ വീട്ടിൽ തിരിച്ചു എത്തിയത്. വീട്ടില്‍ എത്തിയപ്പോൾ എല്ലാവർക്കും വലിയ അത്ഭുതമായി, മുകുന്ദൻ ചേട്ടൻ സ്ഥിരമായി പോകുന്ന കൂരാറ വയലിൽ വഴി തെറ്റുക എന്നത് എലാവർക്കും  അമ്പരപ്പും, അത്ഭുതവും ഉണ്ടാക്കി. അപ്പോൾ അമ്മുമ്മ പറഞ്ഞു , ഞാന്‍ എ പ്പൊഴും പറയാറുണ്ട്  അസമയത്ത് ഇങ്ങിനെ കൂരാറ വയലിൽ ഇറങ്ങി നട ക്കരുത് പല ദുഷ്ട ശക്തികളും രാത്രി കാലങ്ങളില്‍ വയലില്‍ ഇറങ്ങാറുണ്ട്‌ അ തിന്റെ ദൃഷ്‌ട്ടിയില്‍ പെട്ട് പോയാല്‍ ഇങ്ങിനെ ഒക്കെ സംഭവിക്കും, ഭാഗ്യം ഉ ള്ളത് കൊണ്ട് മാത്രമാണ് ആപത്തു ഒന്നും സംഭവിക്കാതെ ജീവനോടെ രക്ഷപ്പെ ട്ടത്.

പിന്നെ അദൃശ്യ ശക്തികളുടെ വരവിനെ കുറിച്ചുള്ള വിവരണം ആണ്. ചെട്ട്യ  ൻറെ പറമ്പത്ത് നിന്നും സന്ധ്യ സമയത്ത് യാത്രക്കു ഇറങ്ങുന്ന വരവ് വാച്ചാ ക്കൽ കോണിയില്‍ വന്നു ഇരഞ്ഞി  മരത്തിന്‍റെ താഴെ കുറെ നേരം ഇരിക്കും. (കുട്ടികൾ ആയ ഞങ്ങൾ കളിക്കുമ്പോൾ വാച്ചാക്കൽ കോണിയിൽ ഇരുന്നാൽ അമ്മുമ്മ ഓടിച്ചു വിടുമായിരുന്നു) കുറച്ചു ഇരുന്നു കഴിഞ്ഞാൽ വരവ്  അവിടെ നിന്നും ഇറങ്ങി കാലാടി ആനന്ദട്ടന്റെയും  ഗോവിന്ദന്‍ നായരുടെയും കാവില്‍ വന്നു കുറെ നേരം ഇരിക്കും. പിന്നെ നേരെ വയലില്‍ ഇറങ്ങി കൂരാറ ഇല്ലത്തേക്ക് പോകും. ഇത്രയുമാണ് വരവിനെ പറ്റി അമ്മുമ്മ ക്ക് പറയുവാന്‍ ഉണ്ടായിരുന്നത്.

വാച്ചാക്കൽ  അയല്‍ വാസികളായിരുന്ന ഇല്ലത്ത് ബിയ്യാത്തു ഉമ്മക്കും, കൊച്ചെ  ൻറെവിട നബീസു ഉമ്മക്കും, അങ്ങേവീട്ടില്‍ കദീശ ഉമ്മക്കും ഇനിയും കുറെ കൂടുതല്‍ പറയുവാന്‍ ഉണ്ടായിരുന്നു. അതായതു രാത്രിയുടെ യാമങ്ങ ളില്‍ ആർപ്പുവിളികളും, അട്ടഹാസ്സങ്ങളും കേട്ട്  ഉണര്‍ന്നു ജനലില്‍ കൂടി വാച്ചാക്കെ ലേക്ക് നോക്കിയാല്‍, അവിടെ നടക്കുന്നതു ഭയാനകവും  അവിശ്വ സനിയവുമാ യ കാര്യങ്ങൾ  ആണ്. ആളി കത്തുന്ന തീയെ വട്ടം ചുറ്റി പല തരം വികൃത സത്വങ്ങള്‍ ആടി തിമിര്‍ക്കുന്നു, ആര്‍ത്തു അട്ടഹസിക്കുന്നു, കടുത്ത ഭയത്താല്‍ രാത്രിയാല്‍ അവര്‍ എന്ത് ആവശ്യം ഉണ്ടായാലും പുറത്തു ഇറങ്ങാറില്ല. വീട്ടി നകത്തു കോളാമ്പി വച്ചാണ് പ്രാഥമിക ആവശ്യങ്ങള്‍ പോലും നടത്താറ് (ആ കാലത്ത് വീട്ടിനു വെളിയില്‍ ആയിരുന്നു ടോയിലേറ്റ്കള്‍ ഉണ്ടായിരുന്നത് ) നിരീശ്വര വാദിയായിരുന്ന എന്റെ അച്ഛന്‍ പറഞ്ഞിരുന്നത് വാച്ചാക്കൽ പ റമ്പിൽ മണ്ണിൽ ഗന്ധകത്തിൻറെ അളവ് വളരെ കൂടുതൽ ആണ്, പകല്‍ സമയ ത്ത് ചൂട് പിടിച്ചു  നില്‍ക്കുന്ന ഗന്ധകം രാത്രിയാവുമ്പോള്‍ സ്വയം കത്തുന്നതാ ണ് എന്നാണ് .

ഇതൊക്കെ വാഗ്ദേവി വിലാസത്തില്‍ അഞ്ചാം ക്ളാസ്സില്‍ എത്തുമ്പോള്‍ പൊടിപ്പും തൊങ്ങലും ചേര്‍ത്ത് വിളമ്പുവാന്‍  ഞാന്‍ സമര്‍ത്ഥന്‍ ആയിരുന്നു. നല്ലാക്കൻ  രാജുവാണ് എന്‍റെ തൊട്ടടുത് ഇരിക്കുക. ഇതൊക്കെ കേള്‍ക്കുമ്പോള്‍ ആള്‍ക്ക് കൂളിചൂട്ടയുടെ കഥയാണ് പറയുവാന്‍ ഉണ്ടാവുക. രാജുവിന്‍റെ അച്ഛന്‍ ഗോവിന്ദൻ ചേട്ടൻ  ഒരിക്കല്‍ വടകരയില്‍ പോയി വരുമ്പോള്‍ ബസ്‌ കേടുവന്നതിനാല്‍ രാത്രി വളെരെ വൈകി വരുകയായിരുന്നു. കടയപ്രം പ ള്ളിയുടെ മുന്നിലുള്ള ഇട വഴിയില്‍ കൂടി നടക്കുമ്പോള്‍ പെട്ടന്ന് മുന്നില്‍ ഒരു ചൂട്ടു പ്രത്യക്ഷപെട്ട്, ചൂട്ടു തനിയെ വീശിക്കൊണ്ട് ഇരിക്കുന്നു, പിന്നെ വീണ്ടും തനിയെ കത്തുകയും അണയുകയും ചെയ്യുന്നു, പിന്നെ അപ്രത്യക്ഷമാകുന്നു, ഇങ്ങിനെ പല ആവര്‍ത്തി ചൂട്ടു കത്തുകയും പോവുകയും ചെയ്തു കൊണ്ടി രുന്നു. ഭയന്ന്‍ പോയ ഗോവിന്ദന്‍ ചേട്ടന്‍ ആളുടെ അപ്പുപ്പന്‍ പറഞ്ഞു കൊടുത്ത പൊടികൈ പ്രയോഗിച്ചു, പെട്ടുന്നു തന്നെ മൂത്രമൊഴിച്ചു ചളി കുഴച്ചു ഉരുട്ടി ഒരു ഉരുള കൈയില്‍ എടുത്തു അത്ഭുതമെന്നു പറയട്ടെ ചൂട്ടു  അപ്രത്യക്ഷമായി. എല്ലാ അദൃശ്യ ശക്തികളെയും അകറ്റുവാന്‍ മൂത്രവും മണ്ണും നാട്ടില്‍ സുലഭമാ യി ഉള്ളത് മലയാളീയുടെ മഹാഭാഗ്യം.

മീന്‍ കറിയില്‍ ഇടാന്‍ മാങ്ങ പറിക്കാന്‍ വേണ്ടിയായിരുന്നു കാലാടി ഗോവിന്ദ ൻ ചേട്ടൻ കാവില്‍ പോയത്.  നേരം സന്ധ്യ മയങ്ങിയിരുന്നു, കാവിൽ നിന്നും  നി ലവിളി കേട്ട് എല്ലാവരും ഓടാന്‍ തുടങ്ങി കൂട്ടത്തില്‍ ഞാനും ഓടി കാവില്‍ എ ത്തി, നോക്കുമ്പോള്‍ ഗോവിന്ദന്‍ ചേട്ടന്‍ മാവില്‍ നിന്നും താഴെ വീണു കിടക്കുന്ന താണ് കണ്ടത് . എല്ലാവരും കൂടി പിടിച്ചു എഴുന്നേല്‍പ്പിച്ചു പിന്നെ ആള്‍ നടന്നു തന്നെ യാണ് വീട്ടില്‍ വന്നത്, പിറ്റേ ദിവസ്സം ഡോക്ടറെ കാണിച്ചു പ്രശ്നം ഒ ന്നും ഇല്ലെന്നും പറഞ്ഞു. രണ്ടു ദിവസ്സം ഒരു പ്രശനവും ഇല്ലായിരുന്നു. മൂന്നാം നാള്‍ സന്ധ്യക്ക്‌ പെട്ടുന്നു ഗോവിന്ദൻ ചേട്ടൻ മരിച്ചു, അദൃശ്യ ശക്തിയു ടെ വര വില്‍ പെട്ട് പോയതാണ് എന്ന കാര്യത്തില്‍ എന്‍റെ അമ്മുമ്മക്ക് സംശയം ഒന്നും ഉണ്ടായിരുന്നില്ല.

മുല്ലോളി ബാലൻ ചേട്ടനു പത്തായക്കുന്നില്‍ തയ്യല്‍ തൊഴില്‍ ആയിരുന്നു, എന്നും രാത്രി വളെരെ വൈകി മാത്രെമേ വരുകയുള്ളു. ഒരിക്കല്‍ ഞാന്‍ രാത്രിയില്‍ മൂത്രമൊഴിക്കാന്‍ മുറ്റത്ത്‌ ഇറങ്ങിയതായിരുന്നു , കൊടുങ്കാറ്റി ൻറെ  വേഗത്തില്‍ ഒരാള്‍ ഓടി വരുന്നത് കണ്ടു, ഭയന്ന ഞാന്‍ എട്ടുദിക്കും പൊട്ടുമാറ് ഉച്ചത്തില്‍ അട്ടഹസിച്ചു കൊണ്ട് ഉമ്മറത്തേക്ക് ഓടി കയറി, ബഹളം കേട്ട് അച്ഛൻ വന്നു നോക്കിയപ്പോള്‍ ഓടി വന്നത് ബാലൻ ചേട്ടൻ  ആയിരുന്നു. മുതുവന പാറക്കടുത്ത് ഉള്ള കാഞ്ഞിര മരത്തിന്‍റെ താഴെ മുടി അഴിച്ചിട്ട ഒരു സ്ത്രീ ഇരിക്കുന്നു, ബാലേട്ടനെ കണ്ടപ്പോള്‍ ചിരിച്ചു കൊണ്ട് ഏഴുന്നെറ്റു നടക്കുവാന്‍ തുടങ്ങി, പക്ഷെ നിലം തൊടാതെ നടക്കുന്ന അത് ഒരു സാധാരണ സ്ത്രീ അല്ലാ എന്ന് മനസ്സിലാക്കി ഭയം തോനി ഓടി വന്നതാണ്‌ എന്നുമാണ് എന്റെ അച്ഛനോട് പറഞ്ഞിരുന്നത് . അച്ഛന്‍ അത് കേട്ട് ഒന്ന് ചിരിക്കുക മാത്രം ചെയ്തു, ബാലട്ടന്‍ പോയപ്പോള്‍ അച്ഛന്‍ പറഞ്ഞ അഭിപ്രായം ഇതായിരുന്നു "രാത്രി അസമയത്ത് വരുമ്പോള്‍ ഉള്ളില്‍ ഉള്ള ഭയത്താല്‍ തോനിയതാണ്", പക്ഷെ അത് ഒരു മറുതയാണ് എന്ന കാര്യത്തി ൽ  എന്‍റെ അമ്മുമ്മക്ക് സംശയം ഒന്നും ഉണ്ടായിരുന്നില്ല.

കൂലം കുത്തി കുതിക്കുന്ന കാലത്തിന്‍റെ കുത്തൊഴുക്കില്‍ കാവും മറുതയും കൂളി ചൂട്ടയും ഒക്കെ ഏവിടയോ പോയി മറഞ്ഞു , ചിലപ്പോള്‍ പ്രവാസത്തി ലായിരിക്കാം. കാലാടി അനന്തൻ ചേട്ടൻറെ കാവ് ഇരുന്ന സ്ഥലത്ത്  ഇപ്പോള്‍  രണ്ടു വീട്കള്‍ ഉണ്ട് , വീട്ടില്‍ വരവിൻറെ, അല്ലെങ്കിൽ അദൃശ്യ ശക്തിയുടെ യൊ ശല്യം ഉള്ളതായി ആരും പറഞ്ഞു കേട്ടില്ല, അത് പോലെ കൂരാറ ഇല്ലത്തും ഏത്രയോ വീട്കള്‍ വന്നു അവിടെയും വരവിന്‍റെ കഥകള്‍ ഒന്നും ആരും പറ ഞ്ഞു കേട്ടില്ല. കൂട്ട് കുടുംബ വ്യവസ്ഥ മാറുകയും, നിറയെ  വീടുകള്‍ ഉണ്ടായ പ്പോള്‍ വരവിനു നടന്നു പോകാന്‍ വഴി ഇല്ലാത്തതു കൊണ്ട്  യാത്ര വേണ്ട എന്ന് വച്ചതാണോ എന്ന കാര്യവും, അദൃശ്യ ശക്തിക്കും വരവിനും മാത്രമറിയാം. അത് അവര്‍ക്ക് തന്നെ വിട്ടു കൊടുക്കുന്നു.

ഈ കഥയില്‍ പറയുന്ന കാര്യങ്ങൾ എല്ലാം ആ കാലങ്ങളില്‍ ഞാന്‍ കേട്ടതും ചി ലത് കണ്ടതുമാണ് , പിന്നെ പല വിശ്വാസങ്ങളും ആചാരങ്ങളും നാട്ടില്‍ നില നിന്നിരുന്നു, അത് പുതിയ തലമുറയ്ക്ക് പകര്‍ന്നു കൊടുക്കുക എന്ന ഉദ്ദേശം മാത്രമാണ് ഇതു ഏഴുതുവാന്‍ പ്രേരിപ്പിച്ച വികാരം

ജയരാജന്‍ കോട്ടായി (വാച്ചാക്കേല്‍ )
സായി കൃപ
പൊന്നിയം ഈസ്റ്റ്‌
തലശ്ശേരി

അജ്മാന്‍ , യു ഏ ഈ


No comments:

Post a Comment