Friday, 26 September 2014

കാക്ക വിരുന്നു കുറിച്ചാൽ - ആചാരങ്ങളും വിശ്വാസ്സങ്ങളും

കഥകൾ അടിച്ചു മാറ്റി ബ്ലോഗ് ഉണ്ടാക്കുന്നവർക്കെതിരെ നടപടി എടുക്കുന്നതാണ്.
     
                കാക്ക വിരുന്നു കുറിച്ചാൽ - ആചാരങ്ങളും വിശ്വാസ്സങ്ങളും

''കദളി വാഴകൈയിലിരുന്നു കാക്ക ഇന്ന് വിരുന്ന് കുറിച്ചു, വിരുന്ന് കാര വിരു ന്ന്  കാര വിരുന്ന് കാര വന്നാട്ടെ" വളരെ പുരാതന കാലം മുതൽ നിലവി ലുള്ള വിശ്വാസ്സമാണ്‌ കാക്കയും, വിരുന്നു കുറിക്കലും. അതിൽ നിന്നുമുണ്ടായതാണ് ഈ സിനിമ ഗാനവും.

കാക്കയും മനുഷ്യരും തമ്മിലുള്ള ബന്ധം പുരാതന കാലം മുതൽക്കേ നിലവിലു ണ്ടായിരുന്നു. മനുഷ്യ വാസ്സം കൂടുതൽ ഉള്ള സ്ഥലങ്ങളാണ് കാക്കകൾ എപ്പോ ഴും കൂട് വയ്ക്കുകയും താമസ്സസ്ഥലമായി തിരഞ്ഞെടുക്കുകയും ചെയ്യുന്നത്. മ നുഷ്യർ പുറന്തള്ളുന്ന ഭക്ഷണ അവശിഷ്ടങ്ങളും മറ്റുമായിരിക്കാം കാക്കകളെ അതിനു പ്രേരിപ്പിക്കുന്നത്‌. കാക്കകളെക്കൊണ്ട് മനുഷ്യർക്കും പല പ്രയോജങ്ങ ളും ഉണ്ടായിരുന്നു. കുട്ടികൾ വലിച്ചെറിയുന്ന മുറ്റത്തെ ഭക്ഷണാവശിഷ്ടങ്ങൾ കൊത്തി യെടുക്കുക വഴി മുറ്റം വൃത്തിയാകുകയും മുറ്റത്തു അവശിഷ്ടങ്ങൾ അടിഞ്ഞു കൂടാനുള്ള അവസ്സരങ്ങളും ഇലാതാകുന്നതും കാക്കകൾ സ്വയം അ റിയാതെ ചെയ്യുന്ന ഉപകാരങ്ങൾ തന്നെ. വീടുകളിൽ ഘടികാരം ഇല്ലാത്ത പഴയ കാലങ്ങളിൽ കാക്ക കരയുന്നത് കേട്ട് നേരം പുലരുന്ന വിവരം ജനങ്ങൾ അറി യുകയും ചെയ്യുമായിരുന്നു. കാക്ക കരയാൻ തുടങ്ങുമ്പോൾ ഉറക്കം ഉണർന്ന് ദിനചര്യകൾ തുടങ്ങിയിരുന്ന ഒരു കാലവും നമുക്കുണ്ടായിരുന്നു.

വീട്ടു പറമ്പിൽ മുറ്റത്തിനു ചേർന്നുള്ള വാഴക്കയ്യിൽ വന്നിരിക്കുന്ന കാക്ക ചില പ്പോൾ ഒരു  പ്രതേക ശബ്ദം ഉണ്ടാക്കാറുണ്ട്. എന്തായിരിക്കാം കാക്ക ഉദ്ദേശിക്കു ന്നതെന്ന് നമുക്ക് അജ്ഞാതം. "ക്രു ക്രു " എന്ന ഈ ഒച്ച വയ്ക്കലിനെ വിരുന്നുകാ രുടെ വരവറിയിക്കുന്നതായി പഴയ തലമുറയിലുള്ളവർ വിശ്വസ്സിച്ചിരുന്നു. തീ ർച്ചയായും കാക്കയ്ക്ക് ഈ ഒച്ചയുമായി എന്തോ ഉദ്ദേശമുണ്ടാകാം, ചിലപ്പോൾ കുഞ്ഞിനെ വിളിക്കുന്നതാവാം, അല്ലെങ്കിൽ ഞാൻ പരിസ്സരത്തു തന്നെയുണ്ടെന്ന് കുഞ്ഞിനെയോ, ഇണയേയോ അറിയിക്കുന്നതുമാവാം.

വിശ്വാസ്സത്തിൻറെ ഭാഗമായി വിരുന്നു  കുറി കേട്ടാൽ ഉച്ച ഭക്ഷണത്തിനുള്ള അ രിയിടുമ്പോൾ കുറച്ചു അരി കൂടുതലിടും. ഇന്നത്തെ പോലെയല്ല, വീട്ടിലുള്ള വർക്കു എണ്ണിത്തിട്ടപ്പെടുത്തിയ പോലെയാണ് ഭക്ഷണം ഉണ്ടാക്കിയിരുന്നത്. ഒ രിക്കലും പ്രതീക്ഷിക്കാതെ ഒരാൾ ഭക്ഷണത്തിന് വന്നാൽ ഉണ്ടാക്കിയ ഭക്ഷണം   തികയാതെ വരും. കാരണം ഓരോ നേരവും വളരെ കഷ്ടിച്ചും ചുരുക്കിയുമാ ണ്  അതാതു നേരത്തെക്കുള്ള അന്നം കണ്ടെത്തിയിരുന്നത്. കാക്ക വിരുന്ന് കുറി ച്ച ഉടനെ ചിലപ്പോൾ ആരെങ്കി ലും ബന്ധുക്കൾ അവിചാരിതമായി വന്നെന്നിരി ക്കും. കാക്കയുമായി വിരുന്നു വരവിനു ബന്ധം ഒന്നും ഇല്ലായെങ്കിലും മനസ്സിൽ വിശ്വാസ്സം ഉണ്ടാകുവാൻ ഇത് ധാരാളമാകും. ഇത് ആ കാലത്തെ ജനങ്ങളുടെ  ദൃഢമായ വിശ്വാസ്സമായിരുന്നു. കാക്ക വിരുന്നു കുറിച്ചാൽ വിരുന്നു വരവ് ഉ റപ്പാണ് അഥവാ ഇന്ന് വന്നില്ലായെങ്കിൽ നാളെ എത്തുമെന്ന് ഉറപ്പു. മാറ്റമില്ലാ ത്ത വിശ്വാസ്സം.  ഫോണും, മൊബൈലും  ഇല്ലാത്ത കാലമായതു കൊണ്ട് മുൻ  കൂട്ടി അറിയിച്ചു ള്ളവരവ് ആസാധ്യവുമായിരുന്നല്ലോ.

പലപ്പോളും പലരും, ബന്ധുക്കളും അല്ലാത്തവരും വല്ല വഴിക്കും പോകുമ്പോ ൾ വഴിയില്ലുള്ള ബന്ധു വീടുകളിൽ ഒന്ന് കയറിയിറങ്ങുന്നതു സാധാരണമാണ ല്ലോ. അടുത്ത് വരെ വന്നിട്ട് വീട്ടിൽ കയറാതെ പോയെന്നുള്ള പരിഭവം ഭയന്നാ ണ് കയറിയിറങ്ങുന്നത്. അന്നു ചിലപ്പോൾ കാക്ക ഒച്ച വച്ചിട്ടുമുണ്ടാകാം. അ പ്പോൾ  അവരുടെ വിശ്വാസ്സം ഒന്ന് കൂടി ഉറക്കും. "കണ്ടോ കാലത്ത് കാക്ക വിരു ന്നു കുറിച്ചപ്പോഴെ ഞാൻ പ്രതീക്ഷിച്ചിരുന്നു ആരെങ്കിലും വരുമെന്ന്".

ഇന്നും പതിവ് മുടങ്ങാതെ കാക്കകൾ വിരുന്നു കുറിക്കുന്നു. വർഷങ്ങളായി തു ടരുന്ന പതിവ്. വിരുന്നുകാർ വരുന്നുണ്ടോ എന്ന് കാക്കയ്ക്കും അറിയില്ല, അത് കാക്കയുടെ വിഷയവുമല്ല. എല്ലാം ഒരു കാലത്തെ വിശ്വാസ്സങ്ങൾ. ആ കാലത്തി ൻറെ കഥയും അന്നത്തെ രസകരമായ വിശ്വാസ്സങ്ങളും കേൾക്കുന്നത് പുതുതല മുറയ്ക്ക് എന്തായാലും ഒരു പ്രത്യേക അനുഭവമായിരിക്കും. ഇനിയും ഒരിക്ക ലും തിരിച്ചു വരാത്ത വിശ്വാസ്സങ്ങൾ. എങ്കിലും കാക്കകൾ ഉള്ള കാലത്തോളം വാഴക്കയ്യിൽ ഇരിക്കും, വിരുന്നു കുറിച്ചുകൊണ്ടേയിരിക്കും. സൗകര്യം ഉണ്ടെ ങ്കിൽ മാത്രം വിരുന്നുകാർ വരട്ടെ. വിരുന്ന് കുറി കേട്ടാൽ ഭക്ഷണം കൂടുതലുണ്ടാ ക്കാനും മറക്കാതിരിക്കുക.!!!!!!

വിശ്വാസ്സങ്ങൾ അടുത്ത ആഴ്ച തുടരും.


ജയരാജൻ കൂട്ടായി

           

Wednesday, 24 September 2014

ഗ്രന്ഥം വെപ്പ് - ആചാരങ്ങളും വിശ്വാസ്സങ്ങളും

                           ഗ്രന്ഥം വെപ്പ് - ആചാരങ്ങളും വിശ്വാസ്സങ്ങളും

വടക്കേ ഇന്ത്യയിൽ നവരാത്രി ഉൽസ്സവങ്ങൾക്ക് തുടക്കാമാവുകയാണല്ലോ, ദെ സ്സറ എന്നും നവരാത്രിയെന്നും, പൂജ വെപ്പ് എന്നൊക്കെ ഓരോ സ്ഥലത്തും വ്യ ത്യസ്ഥമായ പേരുകളിൽ അറിയപ്പെടുന്നു. ദ സ്സറ എന്നാൽ ദെശ ഹര എ ന്ന സം സ്കൃത വാക്കിൽ നിന്നുണ്ടായിയെന്നു പറയപ്പെടുന്നു. ദെശം എന്നാൽ പ ത്തു, ഹറ എന്നാൽ തോറ്റു, അല്ലെങ്കിൽ തോൽപ്പിച്ചു. പത്തു തലക്കാരനെ, "രാവണ നെ തോൽപ്പിച്ചതാണ്" ദെശ ഹര എന്ന ദെസ്സര. രാവണന് മേൽ നേടിയ  വിജയ മാണ് വിജയ ദെശമിയായതെന്നു വടക്കേ ഇന്ത്യയി ലെ വിശ്വാസം.  ദുർ ഗ്ഗാദേ വി മഹിഷാസുരനെ വധിച്ചതും ഇതേ സമയത്ത് ത ന്നെ, ചന്ദ്ര മാസ്സത്തിലെ നവ രാത്രിയും ദെശമി, പത്തു പകലുമാണ് (9 രാത്രി യും 10 പക ലും) യുദ്ധം ചെയ്ത തെന്ന് വിശ്വാസം. പല വടക്കേ ഇന്ത്യൻ സംസ്ഥാന ങ്ങളിലും രാമായണ കഥ ഒൻപതു രാത്രിയും  പത്തു പകലുമായി വേഷം കെട്ടി യാടുന്നു. പത്താം നാൾ രാമ, രാവണ യുദ്ധം നടക്കുന്നു, രാവണൻ വധിക്കപ്പെടു ന്നതോടെ യുദ്ധം അവസ്സാനിക്കുന്നു. അന്ന് വൈകുന്നേരം സോന കൊടുക്കൽ  നടക്കും, മന്താര ചെടിയുടെ ഇലയാണെന്ന് തോന്നുന്നു, ഓരോ ആളും മറ്റു ആ ളുകൾക്ക് ഇല കൊടുത്തു പരസ്പ്പരം ആലിംഗനം ചെയ്യുന്നു. പരസ്പ്പരം  ഉള്ള വഴക്കുകളും, ശത്രുതയും സോന കൊടുത്തു ആലിംഗനം ചെയ്യുന്നതോടെ അവ സാനിക്കുന്നു. പിറ്റേ ദിവസ്സം മുതൽ അവർ പരസ്പ്പരം കണ്ടാൽ വളരെ സ്നേ ഹത്തോടെ മാത്രമേ പെരുമാരുകയുള്ളൂ. യുദ്ധം കഴിഞ്ഞു ഇരുപതാം നാൾ സീതാദേ വിയുമായി തിരി ച്ചു വരുന്നതാണ് ദീവാളി. അപ്പോൾ കുറെ ദീപങ്ങൾ കൊളു ത്തി പ്രജകൾ അവരെ വരവേ ൽക്കുന്നു എന്നത് വിശ്വാസ്സം.

കേരളത്തിൽ നവരാത്രിയുടെ അവസ്സാന മൂന്ന് ദിവസ്സങ്ങളാന് ഗ്രന്ഥം വെപ്പ്, (അഷ്ട മി, നവമി, ദെശമി)  അല്ലെ ങ്കിൽ പൂജ വെപ്പ് എന്ന പേരിൽ അറിയപ്പെ ടുന്നത്. പണ്ട് കാലങ്ങളിൽ സ്കൂളിൽ നിന്നും അഷ്ടമി ദിവസ്സം കുട്ടികളിൽ നി ന്നും പുസ്തകം വാങ്ങി പൂജക്ക്‌ വയ്ക്കുന്നു. അന്ന് മുതൽ പുസ്തകം തൊടാൻ  പാടില്ല. കുട്ടികൾക്ക് വളരെ സന്തോഷമാണ്, മൂന്ന് ദിവസ്സം പഠിക്കേണ്ടതില്ല  ല്ലോ. പുസ്തകത്തിന്‌ മൂന്ന് ദിവസ്സത്തെ പൂജയാണ് നടക്കുക. വിദ്യാലക്ഷ്മി യായ സരസ്വതി യുടെ മുന്നിൽ പുസ്തകങ്ങൾ സമർപ്പിക്കുന്നു. പിന്നെ രാവി ലെയും വൈകുന്നേരവുമായി മൂന്ന് നാൾ പൂജ നടക്കും. അവിൽ, മലർ, പഴം, ഇളനീർ എല്ലാം സരസ്വതി ദേവിക്ക് സമർപ്പിക്കുന്നു. ജോലി ചെയ്യുന്നവർ അ വരുടെ പണി ആയുധ ങ്ങൾ പൂജിക്കുന്നു. കമ്പനികളിലും കടകളിലും പ്രതേക പൂജകൾ നടക്കും.   

വിജയ ദശമി വിദ്യാരംഭ ദിവസ്സം പുതിയ കുട്ടികളെ എഴുത്തിനിരുത്തും, അരി യിൽ ഗുരുനാഥൻ കുട്ടികളെ കൈ പിടിച്ചു എഴുതിക്കും. "ഹരി ശ്രീ ഗ ണ പ ത യെ ന മ". കുട്ടികൾ ഗുരുനാഥനു ദക്ഷിണ കൊടുക്കും. പൂജക്ക്‌ വച്ച ബുക്ക്‌കൾ കുട്ടികൾക്ക് തിരിച്ചു കൊടുക്കും, പൂജയെടുപ്പിൽ നിന്നും തിരിച്ചെടുത്ത പുസ്ത കം അന്ന് വായിക്കും , പിന്നെ അരിയിൽ  എഴുതുന്നതുമാണ് വിദ്യയുടെ ആരം ഭം എന്ന വിദ്യാരംഭം.

ഞാൻ അരിയിലെഴുതിയതു ചുണ്ടാങ്ങാപ്പോയിൽ നോർത്ത് എൽ പി സ്കൂളി ലാണ്, അവിടെ ശങ്കരൻ മാസ്റ്റർ പുസ്തക പൂജയും, അരിയിലെഴുത്തും നടത്തും പിന്നെ ആറ്റുപുറത്തെ വാഗ്ദേവിവിലാസ്സത്തിൽ നാലാം ക്ലാസ്സിൽ ചേർന്നപ്പോ ൾ അവിടെ കുറുപ്പ് മാസ്റ്ററാണ് പുസ്തക പൂജയും, അരിയിലെഴുത്തും നടത്തി  യിരുന്നത്. എല്ലാം പഴയ കഥകൾ, ഇന്ന് സ്കൂളുകളിൽ ഗ്രന്ഥ പൂജയും അരിയി ലെഴുത്തുമില്ലായെന്നാണ് അടുത്ത കാലത്തായി അറിയാൻ കഴിഞ്ഞത്. സ്കൂളി ൽ നിന്നും ക്ഷേത്രങ്ങളിലേക്ക് അരിയിലെഴുത്ത്‌ മാറി. എന്നാൽ പുസ്തക പൂജ ഇപ്പോൾ നിലവിലില്ലായെന്നു തോന്നുന്നു. 

ആചാരങ്ങളും വിശ്വാസ്സങ്ങളും നിലവിൽ ഉണ്ടായിരുന്ന കാലത്ത് ജനങ്ങൾക്ക്‌ കുറെയൊക്കെ ഭയവും ബഹുമാനവുമൊക്കെയുണ്ടായിരുന്നു. വിശ്വാസ്സങ്ങൾ നഷ്ടമായപ്പോൾ അനീതിയും അരാജകത്വവും വർദ്ധിച്ചുവെന്നാണ് എനിക്ക് തോന്നുന്നത്.

എല്ലാവർക്കും നവരാത്രി ദിനാശംസ്സകൾ.

ജയരാജൻ കൂട്ടായി
അജ്മാൻ - യു എ ഈ 
         

Sunday, 21 September 2014

ഉച്ചാൽ വരയൽ - ആചാരങ്ങളും വിശ്വാസ്സങ്ങളും

                      

ഉച്ചാൽ വരയൽ  - ആചാരങ്ങളുംവിശ്വാസ്സങ്ങളും


മകരകൊയിത്ത് കഴിഞ്ഞാൽ ആഘോഷിക്കുന്ന ഒരു പഴയ വിശേഷ ദിവസ്സമാ ണ്‌ ഉച്ചാൽ. കൊയിത്ത് കഴിഞ്ഞു വയലുകൾ ഉഴുതു വെള്ളരി നടാൻ വേണ്ടി യുള്ള തയ്യാറെടുപ്പ് തുടങ്ങും. മകരം ഇരുപത്തിയെട്ടു മുതൽ മൂന്ന് ദിവസ്സങ്ങ ളിലാണ് ഉച്ചാൽ ചടങ്ങുകൾ നടക്കുന്നത്. കുംഭം ഒന്നിന് നടക്കുന്ന ഉച്ചാൽ സദ്യ യോടെയാണ് ഉച്ചാൽ ആഘോഷങ്ങൾ അവസാനിക്കുന്നത്.  ഉച്ചാലിനു കുറച്ചു ദിവസ്സങ്ങൾ മുമ്പ് തന്നെ വെള്ളരി നടാനുള്ള കുഴികൾ കുഴിക്കും. കുഴികളിൽ ചാണക പൊടിയും വെണ്ണീറും ചേർത്ത് വെള്ളരി നടാൻ പാകപ്പെടുത്തി വ യ്ക്കും. ഭൂമി ദേവി ഋതുമതി ആകുന്ന സമയമാണ് ഉച്ചാൽ ആഘോഷിച്ചിരുന്ന ത്, കൂടാതെ കുജൻ ഉച്ചത്തിൽ നിൽക്കുന്ന സമയമായതു കൊണ്ടാണ് ഉച്ചാൽ എ ന്ന് പേര് വന്നതെന്നും ഐതിഹ്യം.

ഉച്ചാലിനു മൂന്ന് ദിവസ്സം മുമ്പ് വീട് മുഴുവൻ ചാണകം മെഴുകി വെടിപ്പാക്കും, പറമ്പിൽ ഉള്ള ചണ്ടിയൊക്കെ അടിച്ചു വാരി തീയ്യിട്ടു കത്തിക്കും, മുറ്റം തൂത്ത് വാരി ചാണകം കലക്കിയ വെള്ളം തളിച്ചു ശുദ്ധം വരുത്തും. ഉച്ചാലിനു വേണ്ടി യുള്ള ഈ ഒരുക്കങ്ങൾ ഉച്ചാൽ വരയൽ എന്ന പേരിൽ അറിയപ്പെട്ടിരുന്നു. ഉച്ചാ ൽ വരഞ്ഞു കഴിഞ്ഞാൽ പിന്നെ രണ്ടു ദിവസ്സത്തേക്ക് ചൂലു കൊണ്ട് ഭൂമിയെ സ്പർശിക്കാൻ പാടില്ല, ഋതു മതി ആയ ഭൂമിദേവിയെ അശുദ്ധമാകാതെ സൂ ക്ഷിക്കണം. അതിനാലാണ് ചൂൽ ഭൂമിയി ൽ തൊട്ടുകൂടായെന്നു പറയുന്നത്. ഉ ച്ചാൽ വരയുന്ന ദിവസ്സം അതായത് മകരം ഇരുപത്തി എട്ടിന് വൈകുന്നേരം അ ടിച്ചു തളി കഴിഞ്ഞാ ൽ ചൂലുകളെല്ലാം ഭൂമിയെ തൊടാതെ പറമ്പിലുള്ള മരത്തി നു മുകളിൽ കെട്ടി തൂക്കി വയ്ക്കും,

 തുടർന്ന് കുംഭം ഒന്നിന്   ഉച്ചാൽ സദ്യ കഴിഞ്ഞാൽ മാത്രമേ വീടും മുറ്റവും തൂ ത്ത് വാരുകയുള്ളൂ.!!!!!. വീട്ടിലെ പെണ്‍ കുട്ടികൾ ഏറ്റവും കൂടുതൽ സന്തോഷി ക്കു ന്ന സമയമായിരുന്നു ഉച്ചാൽ, കാരണം മുറ്റം തൂക്കുക അവരുടെ ജോലിയാ യിരുന്നു. വീട്ടിലെ പ്രായമുള്ളവർ കളിയാക്കാൻ വേണ്ടി കുട്ടികളെ അടുത്ത വീ ടുകളിൽ പറഞ്ഞയക്കും, ഉച്ചാൽ വരയുന്ന കൊക്ക വാങ്ങി വരാൻ, കുട്ടികൾക്ക് അറിയില്ലായിരുന്നു, അങ്ങിനെ ഒരു കൊക്കയോ, വരയലോ ഇല്ലയെന്നും ഒരു ആചാരത്തിൻറെ പേര് മാത്രമാ ണ് ഉച്ചാൽ വരയൽ എന്നതും. കണ്ണൂർ ജില്ലയി ൽ ചില ഭാഗങ്ങളിൽ ഉച്ചാൽ വരഞ്ഞു കഴിഞ്ഞാൽ വീട്ടിനകത്ത് ഭക്ഷണം പാകം ചെയ്യാറുമില്ലായിരുന്നു, പറമ്പി ൽ മടഞ്ഞെടുത്ത ഓല കെട്ടിയുണ്ടാക്കുന്ന താൽ ക്കാലീക ഷെഡ്‌കളിലാണ് ഈ മൂന്നു ദിവസ്സങ്ങളിൽ പാചകം ചെയ്തിരുന്നത്.

ഉച്ചാലിനു മകര കൊയ്ത്ത് കഴിഞ്ഞ പുത്തൻ നെല്ലു കുത്തി അരിയാക്കി പായ സ്സം ഉണ്ടാക്കും, വേറയും പലതരം മധുര പലഹാരങ്ങളും വിഭവങ്ങളും ഉണ്ടാ ക്കി ഭൂമി ദേവിക്ക് സമർപ്പിക്കും, പടിഞ്ഞിറ്റയിൽ നില വിളക്കും, കിണ്ടിയിൽ വെള്ളവും, പലകകളും  വച്ചു പലകക്കു മുന്നിൽ ഇല വിരിച്ചു പായസ്സവും  മ റ്റു വിഭവങ്ങളും വിളമ്പും. ഭൂമിദേവി ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ മാത്രമേ വീട്ടിലുള്ളവർ കഴിക്കുകയുള്ളൂ.

ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ വെള്ളരി വിത്തും, കൈക്കോട്ടും, നനക്കുവാനു ള്ള കുടവുമെടുത്ത് വയലിലേക്കു  പോകും, ഭൂമിദേവി ഋതുമതി ആയ ഉച്ചാൽ ദിവസ്സം എന്ത് കൃഷി ഇറക്കിയാലും നല്ല കായ് ഫലം ഉണ്ടാകും എന്നത് വിശ്വാ സ്സം. അത് കൊണ്ട് തന്നെ വെള്ളരി നടാൻ ഉച്ചാൽ ദിവസ്സമാണ്‌ നല്ലതെന്നതും ജ നങ്ങളുടെ ഉറച്ച വിശ്വാസ്സമായിരുന്നു. ഉച്ചാൽ ഉച്ചക്ക് വടക്കൻ കേരളത്തിലെ വയലുകളിലെല്ലാം ജനങ്ങൾ ഭക്ഷണവും കഴിച്ചു ഒന്നായി ഇറങ്ങി വെള്ളരി നടുക പതിവായിരുന്നു. അത് ഒരു ഉൽസ്സവത്തിൻറെ പ്രതീതിയായിരുന്നു.

പൂയ്യം നാളിൽ ഒരു കൃഷിയും ഇറക്കാൻ പാടില്ലായെന്നത് പോലെ വിശ്വാസ്സ ത്തിൻറെ ഭാഗമായിട്ടായിരുന്നു ആ കാലങ്ങളിൽ ഉച്ചാൽ ദിവസ്സം ഉച്ച ക്ക് തന്നെ വെള്ളരി നട്ടിരുന്നത്. ഉച്ചാൽ ഉച്ചക്ക് നടുന്ന വെള്ളരി വിഷു ഉച്ചക്ക് ഒന്നാം വി ഷു ദിവസ്സം പറിച്ചെടുക്കും, ആദ്യം പറിക്കുന്ന വെള്ളരി തന്നെ പിറ്റേ ദിവസ്സം കണി വയ്ക്കാൻ മാറ്റി വയ്ക്കും, കണി  വച്ച് കഴി ഞ്ഞാൽ മാത്രമേ വെള്ളരി ക്ക കറി വച്ച് കഴിക്കുവാൻ പാടുള്ളൂവെന്നതും വിശ്വാസ്സം.

വടകര ലോകനാർ കാവിൽ നിന്നും കൊങ്ങന്നൂർ ഭഗവതി ക്ഷേത്രത്തിലേക്കുള്ള  ഉച്ചാൽ എഴുന്നള്ളത്ത് വടക്കൻ കേരളത്തിൽ പ്രശസ്തമാണ്. ഉച്ച കഴിഞ്ഞു തുട ങ്ങുന്ന ഉച്ചാൽ എഴുന്നള്ളത് പിറ്റേ ദിവസ്സം ലോകനാർ കാവ് ഭഗവതി ക്ഷേത്ര ത്തിൽ തിരിച്ചെത്തുന്നത് വരെ ക്ഷേത്രത്തിൽ വഴി പാടുകൾ നടത്താൻ പാടില്ല എന്നതും വിശ്വാസങ്ങളുടെ ഭാഗമായിരുന്നു. വടക്കൻ കേരളത്തിൽ മറ്റു പല ക്ഷേത്രങ്ങളിലും ഉച്ചാൽ ഉൽസ്സവങ്ങൾ നടക്കാറുണ്ട്. തെക്കൻ കേരളത്തിലും ഉ ച്ചാൽ ആഘോഷങ്ങൾ ഉണ്ടായിരുന്നെങ്കിലും ആഘോഷങ്ങളുടെ രീതിയും ആ ചാരങ്ങളും വേറെ വിധമായിരുന്നു.

പട്ടിണിക്കാലത്ത് വിശേഷ ദിവസ്സങ്ങളിൽ മാത്രമേ വയർ  നിറച്ചു ഭക്ഷണം ഉ ണ്ടാവു, അത് കൊണ്ട് മകരകൊയ്ത്തു കഴിഞ്ഞാൽ എല്ലാവരും ചേർന്ന് ഒരു സ ദ്യ ഒരുക്കുന്നു എന്ന് മാത്രം, ചിലപ്പോൾ അങ്ങിനെ ഉണ്ടായതായിരിക്കാം  ഉച്ചാ ൽ എന്ന വിശേഷ ദിവസ്സവും. ഇങ്ങിനെ പ്രാദേശീകമായ ഒരു പാട് വിശേഷ ദി വസ്സങ്ങൾ വടക്കൻ കേരളത്തിൽ പഴയ കാലങ്ങളിൽ നിലവിൽ ഉണ്ടായിരുന്നു. അതെല്ലാം നാട് നീങ്ങുകയാൽ ഇങ്ങിനെയുള്ള ആഘോഷങ്ങൾ അറിയാവുന്ന വർ വളരെ ചുരുക്കമേ ഇപ്പോൾ നാട്ടിൻ പുറങ്ങളിൽ ജീവിച്ചിരിപ്പുള്ളൂ. ഇ പ്പോൾ മറ്റു പല ആഘോഷങ്ങൾ പോലെ ക്ഷേത്രങ്ങളിലെ ഉൽസ്സവകളും ചടങ്ങു കളുമായി ഉച്ചാലും ചുരുങ്ങിപ്പോയി.


ജയരാജൻ  കൂട്ടായി      

Sunday, 14 September 2014

വേടൻ പാട്ട്

 വേടൻ പാട്ട്   

രണ്ടായിരത്തി പതിനാല് സപ്റ്റംബർ പതിനാലിന് എഴുതിയ പോസ്റ്റാണ്, ഇതിൽ പ്രതിപാദിച്ചിട്ടുള്ള കുഞ്ഞമ്പൂട്ടി പണിക്കർ ഭൂമിയിലെ അദ്ദേഹത്തി ൻ്റെ യാത്ര പൂർത്തിയാക്കി മടങ്ങിയിട്ട് അഞ്ച് വർഷങ്ങളായി, എങ്കിലും ശ്രീ കുഞ്ഞമ്പൂട്ടി പണിക്കർ ഈ പഴയകാല ചരിത്രത്തിൽ കൂടി ജനമനസ്സുകളിൽ എന്നുമെന്നും ജീവിക്കട്ടെ................ കുഞ്ഞമ്പൂട്ടി പണിക്കർക്ക് പ്രണാമം ...............
  
വേനലിൽ വരണ്ടുണങ്ങിയ മണ്ണിനെ കുളിരണിയിച്ചു കൊണ്ട് എത്തുന്ന ഇടവപ്പാതി, തളിരിടുന്ന ചെടികൾ, മിഥുനമാസവും, കർക്കടകവും മഴ തന്നെ. കർക്കടകം ശ്രാവണത്തിൻറെ വരവറിയിച്ചു കൊണ്ടാണ് വന്നു ചേരുന്നത്. ഒപ്പം കലിതുള്ളുന്ന കാലവർഷവും, ചെടികളും, വള്ളികളും പൂവണിയാൻ വെമ്പുന്ന കാലം. എന്നാലും ആധികളും വ്യാധികളുമാണ് കർക്കടകത്തിൽ, കർക്കടകം കഴിഞ്ഞാൽ ദുർഘടവും കഴിഞ്ഞെന്നും പഴമൊഴി,  കർക്കടക ത്തിൽ  ആധിയും വ്യാധിയുമകറ്റാൻ വീടുകൾ തോറും  കൊട്ടി പാടി  കൊണ്ടെത്തുന്ന വേടൻ.
  
കാട്ടിലിരിക്കുന്ന കരിമൂർഖ പാമ്പിനേയും തച്ചുകൊന്നു വേടൻ .................. ഡും ഡും ഡും ....................

അമ്മിണിയമ്മ പരിസരം മറന്ന് നീട്ടി പാടും,  മകൻ സ്വാമിനാൻ ഏറ്റു പാടും, "കാട്ടിലിരിക്കുന്ന കരിമൂർഖ പാമ്പിനേയും തച്ചുകൊന്നു വേടൻ .................. ഡും ഡും ഡും" ..... ............ 

കർക്കടകം ഒന്നു മുതൽ വേടൻ പാട്ടിന് തുടക്കമാവുന്നു. ഒന്നാം തിയ്യതി  പുലർകാലത്ത് കുളിച്ചു വേടവേഷവുമായി ഇറങ്ങുന്ന വേടൻ ഏതാണ്ട് പതിനൊന്നു മണിവരെ ഗ്രാമത്തിലുള്ള വീടുകൾ കയറി ഇറങ്ങി ചെണ്ട കൊട്ടി പാടും. കർക്കടകത്തിൽ ദൈവവും പോതിയും മലകയറും, ചിന്നും ചെകുത്താനും മലയിറങ്ങി വരും, മലയിറങ്ങി വരുന്ന ചിന്നിനേയും ചെകുത്താനേയും അകറ്റുവാൻ വേട വേഷവുമായി വരുന്ന പരമശിവനെ ഭക്തിയോടു കൂടി വീട്ടുകാർ വരവേൽക്കുന്ന ആചാരമാണ് വേടൻ പാട്ട്. അസ്സാമാന്യമായ പല കഴിവുകളുമുണ്ടായിട്ടും അറിയപ്പെടാതെ പോയ ഒരു പാട് കലാകാരന്മാർ നമുക്കുണ്ടായിരുന്നു. അവരുടെ കഴിവുകളും അവരോടോപ്പോം നാടുനീങ്ങി. അങ്ങിനെയുള്ള നമ്മുടെ നാടി ൻ്റെ അനേകം കലാകാരൻമ്മാരിൽ രണ്ട് പേരായിരുന്നു മൊകേരി കൂരാറയിലെ കോമത്ത് അമ്മിണിയമ്മയും, മകൻ സ്വാമിനാഥനും. 

പരമശിവനെ പ്രീതിപ്പെടുത്തി പാശുപതാസ്ത്രം ലഭിക്കുവാൻ വേണ്ടി പാർത്ഥൻ കാട്ടിൽ കൊടും തപസ്സു തുടങ്ങി. പാർത്ഥൻറെ തപസ്സിൻറെ മഹിമ നെരിട്ട് കണ്ടറിയാൻ പരമശിവനും ശ്രീപാർവതിയും തീരുമാനിച്ചു, അങ്ങിനെ അവർ വേഷം മാറി, വേട്ടക്കാരായ വേടവേഷവും കെട്ടി, തപസ്സു ചെയ്യുന്ന പാർത്ഥനെ അന്വേഷിച്ചു പുറപ്പെട്ടു.  പല ദിവസ്സങ്ങളും യാത്ര ചെയ്തു നാടുകളും കാടുകളും താണ്ടി പാർത്ഥൻറെയടുത്തു എത്തി ചേർന്നു. പരമശിവൻ സ്വ ന്തം മായയാൽ തീർത്ത പല പക്ഷികളെയും, പാമ്പുകളെയും വേട്ടയാടിയും കൊന്നും കൊണ്ട് പാർത്ഥൻറെ തപസ്സിളക്കുവാൻ ശ്രമം നടത്തി. എന്നാൽ എല്ലാ പ്രയത്നങ്ങളും വിഫലമായി,  ഇതൊന്നും പാർത്ഥൻറെ കൊടും തപ സ്സിനെ ഇളക്കുവാൻ പര്യാപ്തമായിരുന്നില്ല.

ഒടുവിൽ മായകൊണ്ടുണ്ടാക്കിയ ഒരു പന്നിയെ അമ്പു കൊണ്ട് മുറിവേറ്റ നില യിൽ പാർത്ഥൻറെ മുന്നിലേക്ക്‌ ശരണം പ്രാപിക്കാൻ എന്ന നിലയിൽ വലി ച്ചെറിയുന്നു. പന്നിയുടെ ദയനീയ അവസ്ഥയിൽ മനം നൊന്ത പാർത്ഥൻ തപ സ്സു ഉപേക്ഷിച്ചു പന്നിയെ രക്ഷിക്കാൻ തയ്യാറാവുന്നു. എന്നാൽ എൻറെ ഉപജീവനമാർഗമാണ് വേട്ടയാടൽ, വേട്ട മൃഗത്തെ എനിക്കു തിരിച്ചു നൽകണമെന്ന് പറഞ്ഞു കൊണ്ടു വേടൻ പാർത്ഥനെ സമീപിക്കു ന്നു. പാർത്ഥനും വേടനും തമ്മിൽ വാഗ്‌വാദം നടക്കുന്നു. വിട്ടു കൊടുക്കാൻ ഇരുവരും തയ്യാറായില്ല. അഭയം തേടി ശരണം പ്രാപിച്ചവനെ രക്ഷിക്കുക എ ന്നതു ധർമ്മ വിശ്വാസ്സിയായ എൻറെ ധർമ്മമാണ്, അതു കൊണ്ടു തിരിച്ചു പോകാൻ വേടനോട് ആവശ്യപ്പെടുന്നു.

വേട്ട മൃഗമായ പന്നിയെ കിട്ടാതെ പോകില്ലായെന്ന് വേടനും, കനത്ത വാ ക്പോരിനും, കലഹത്തിനുമൊടുവിൽ വേടൻ യുദ്ധത്തിനു വെല്ലുവിളിക്കു ന്നു. വെല്ലു വിളി സ്വീകരിച്ച പാർത്ഥൻ വില്ലും അമ്പുമെടുത്തു യുദ്ധം തുടങ്ങി. വില്ലാളി വീരനായ പാർത്ഥൻ തൊടുത്തു വിടുന്ന എല്ലാ അമ്പുകളും തൻറെ കൈകളാൽ നിഷ്പ്രയാ സ്സം പിടിച്ചെടുത്ത വേടൻറെ അസ്സാമാന്യ കഴി വ് പാർത്ഥനെ അത്ഭുതപ്പെടുത്തി. അന്തമില്ലാതെ അനന്തമായി നീളുന്ന  യുദ്ധത്തിനൊടുവിൽ അമ്പുകൾ എല്ലാം തീർന്നതിൽ  പിന്നെ ഗഥാ യുദ്ധം തുടങ്ങി. ഗഥയും പിടിച്ചെടുത്തു വേടൻ ദൂരേക്ക്‌ വലിച്ചെറിഞ്ഞു. ഒരു വന  വാസ്സിയായ വേടൻറെ അസാമാന്യ പാഠവവും, സാമർഥ്യവും പാർത്ഥനെ തീർത്തും അത്ഭുതപ്പെടുത്തുകയും, അമ്പരപ്പിക്കുകയും ചെ യ്തു.

കയ്യിൽ ഇരിക്കുന്ന എല്ലാ ആയുധങ്ങളും തീർന്നപ്പോൾ വെല്ലുവിളിയുമായി പാർത്ഥൻ മല്ല യുദ്ധം തുടങ്ങി. മെയ് വഴക്കത്തിലും, കായിക ശക്തിയിലും  തുല്യ ശക്തരായ രണ്ടു പേർ പരസ്പ്പരം പൊരുതികൊണ്ടിരുന്നു, ജയപരാജയം ആർക്കുമില്ലാതെ തുടരുന്ന യുദ്ധത്തിനിടയിൽ പരസ്പരം കെട്ടിമറിഞ്ഞു  കൊണ്ട് മലർന്നടിച്ചു രണ്ടുപേരും മറിഞ്ഞു വീഴുകയും, എഴുന്നേറ്റു വർദ്ധിച്ച വീര്യ ത്തോടെ വീണ്ടും ഏറ്റുമുട്ടിക്കൊണ്ടുമിരുന്നു. അങ്ങിനെ അന്തമില്ലാത്ത  മല്ലയുദ്ധത്തിനിടയിൽ മലർന്നടിച്ചു രണ്ടുപേരും ധരണിയിൽ വീണപ്പോൾ ആടകൾ ഒരുഭാഗത്തും, നാഗമാല മറുഭാഗത്തുമായി തെന്നിമാറിയപ്പോൾ യഥാർത്ഥ രൂപം പ്രത്യക്ഷപ്പെടുകയും "അയ്യോ ഭഗവാനെ ഞാൻ അങ്ങയുടെ ഈ വേഷം അറിഞ്ഞില്ലല്ലോ" എന്ന് വിലപിച്ചു കൊണ്ട് സാഷ്ട്ടാഗ പ്രണാമം ചെയ്തു മാപ്പ് ചോദിച്ചു. പാർത്ഥൻറെ തപസ്സിലും ധർമ്മ നിഷ്ഠയിലും ഒരു പോലെ സന്തുഷ്ടനായ പരമ ശിവൻ പാശുപതാസ്ത്രം നൽകി പാർത്ഥനെ അനുഗ്രഹിച്ചയച്ചുവെന്നുമാണ് കഥക്ക് ആധാരം.

ഇതിൻറെ ഓർമ്മ പുതുക്കലായിട്ടാണ് വേടൻ പാട്ട് എന്ന ആചാരം നടത്തി വന്നിരുന്നത്. ശിവ പാർവതിമാർ വേട വേഷം കെട്ടി മുറ്റത്ത്‌ വന്നു പാടിയാൽ കർക്കടക മാസ്സത്തിൽ മലയിറങ്ങി വരുന്ന ചിന്നിനേയും, ചെകുത്താനേയും അകറ്റാമെന്നും വീട്ടിൽ ശിവ പാർവതി സാന്നിധ്യവും, അതുകൊണ്ട് തന്നെ ഔശര്യവും വരുമെന്നും, പഞ്ഞ കർക്കിടകത്തിൻറെ കാഠിന്യം കുറയുമെ ന്നും വിശ്വാസ്സം. എന്നാൽ കുല തൊഴിലായ തെയ്യം കെട്ടു മാത്രം ചെയ്തു ജീവി ച്ചിരുന്ന മലയസമുദായത്തിൻറെ പഞ്ഞ മാസ്സങ്ങളിലെ ജീവനോപാധി കൂടി യായിരുന്നു വേടൻ പാട്ട്.

 വേടൻ പാട്ടു പാടി കഴിഞ്ഞാൽ മഞ്ഞൾ കലക്കിയ മഞ്ഞ ഗുരുസി തെക്കോ ട്ടും കറുപ്പ് കലക്കിയ കറുപ്പ് ഗുരുസി വടക്കോട്ടും ഉഴിഞ്ഞു ഒഴിക്കും. വീടുക ളിൽ നിന്നും വെള്ളരിക്ക, ചക്കക്കുരു, ഉണക്ക മാങ്ങ, അരി അല്ലെങ്കിൽ നെല്ലു, നാണയം തുടങ്ങിയവയെല്ലാം കാണിക്കയായി കൊടുക്കും, അങ്ങിനെ ക ർക്കടകം ഒരു വിധം പട്ടിണിയില്ലാതെ കഴിഞ്ഞു പോകും. ഇതും ഒരു കാരണ മായി പഴയവർ പറയുന്നുണ്ടെങ്കിലും, പഴയ കാലങ്ങളിൽ മിക്കവാറും എല്ലാ വീടുകളിലും ആ കാലത്ത് പട്ടിണി തന്നെ ആയിരുന്നു.

വടക്കൻ കേരളത്തിൽ കോഴിക്കോട് ജില്ലയിൽ ബാലുശ്ശേരി കോട്ട വേട്ടക്കൊ രു മകൻ ക്ഷേത്രം വളരെ പ്രശസ്തമാണ്. കണ്ണൂർ, കാസർഗോഡ് ജില്ലകളിലും  ചില ക്ഷേത്രങ്ങളിൽ കെട്ടിയാടുന്ന വേട്ടയ്ക്കൊരു മകൻ തെയ്യം, പരമ ശിവ ന് വേട വേഷത്തിലുള്ളപ്പോൾ ജനിച്ച മകനായിരുന്നുവെന്നും, അങ്ങിനെയാ ണ് നായാട്ട് വീരൻറെ മകൻ, അല്ലെങ്കിൽ വേട്ടക്കാരൻ്റെ മകൻ എന്നർത്ഥം വരുന്ന വേട്ടയ്ക്കൊരു മകനെന്ന പേര് വന്നതെന്നും ഐതിഹ്യം. വേട്ടയ്ക്കൊരു മകൻ ക്ഷേത്രപാലൻറെയും ഊർപ്പഴശ്ശി യുടേയും കൂടെ സഞ്ചരിച്ചിരുന്നുവെന്ന് വിശ്വാസ്സം നിലവിലുള്ളതിനാൽ, വേട്ടയ്ക്കൊരു മകൻ തെയ്യത്തോടോപ്പോം ക്ഷേത്രപാലൻറെയും, ഊർപ്പഴശ്ശിയുടേയും തെയ്യങ്ങളും കെട്ടിയാടാറുണ്ട്.

വേടൻ പാട്ടിൽ ശ്ലോകങ്ങൾ പാടുന്നതു കുട്ടിക്കാലത്ത്‌ കേട്ട ഓർമ്മ വച്ചാണ്‌ ഇ ത്രയും എഴുതിയത്‌, ശ്ലോകം ഒന്നും ഓർമ്മയിൽ ഇല്ല. കോമത്ത് സ്വാമിനാഥൻ ചേട്ടൻറെ ഭാര്യയോടും മകൻ പ്രൈവറ്റ് ബസ്സ്‌കണ്ടക്ടറായ രാജിവിനോടും  ചോദിച്ചപ്പോൾ അവർക്ക് അറിയില്ലായെന്നു പറഞ്ഞു. അമ്മിണിയമ്മയുടെ മൂത്ത മകൻ കുഞ്ഞമ്പൂട്ടി പണിക്കർ, സ്വാമിനാഥൻറെ ചേട്ടൻ കൈതേരി ഇ ടം എന്ന സ്ഥലത്ത് താമസ്സിക്കുന്നു, ആളെ കണ്ടാൽ ശ്ലോകം പറഞ്ഞു തരുമെന്നും പറഞ്ഞു, കൈതരി ഭഗവതി ക്ഷേത്രത്തിനടുത്തുള്ള കുഞ്ഞമ്പൂട്ടി  പണിക്കരുടെ വീട് തേടി പുറപ്പെട്ടു. പലരോടും വഴി ചോദിച്ചു, കുഞ്ഞമ്പൂട്ടി പണിക്കർ എല്ലാവർക്കും സുപരിചിതൻ. ഭഗവതി ക്ഷേത്രത്തിനടുത്തെത്തി, ചക്കര മുക്ക് കഴിഞ്ഞു മുന്നോട്ടു കുറച്ചു നടന്നു, ഇടവും വലവും മരങ്ങൾ  ഇടതൂർന്നു വളരുന്ന ഒരു മനോഹര ഗ്രാമം, കലപില കൂട്ടുന്ന കിളികളും, മർമരം പൊഴിക്കുന്ന മരത്തലപ്പുകളും, മരം ചാടി നടക്കുന്ന അണ്ണാനും, ഗ്രാമീണത വിളിച്ചോതുന്ന കുയിൽ നാദവും കൊണ്ട് ഗ്രാമ ഭംഗി വർണ്ണനാതീതം.

തൊണ്ണൂരിൻറെ അവശതകൾ അനുഭവിക്കുന്ന പണിക്കർക്ക്  ശാരിരിക അ വശത കാരണം കൂടുതൽ ഒന്നും പറയാൻ പറ്റിയില്ല, ശ്ലോകം ഒന്നും കിട്ടിയില്ല, എങ്കിലും പാരിസ്സിലും മറ്റും തെയ്യം കെട്ടിയതും, കൂരാറ കുന്നുമ്മൽ ക്ഷേത്ര ത്തിൽ ചാമുണ്ടി തെയ്യം കെട്ടിയ കഥയുമൊക്കെ പറഞ്ഞു. കുറച്ചു കൊല്ലം മുമ്പ് ശ്രീ നഗറിൽ നിന്നും ക്ഷണം ഉണ്ടായിരുന്ന കാര്യവും പറഞ്ഞു.  മക്കൾക്കോ പേരക്കുട്ടികൾക്കോ ശ്ലോകമോ, ഐതിഹ്യമോ അറിയാതെ പോയതിൽ ഉള്ള വിഷമം ആ മുഖത്ത് കാണാമായിരുന്നു. വേടൻ പാട്ടും ഗോദാമൂരി പാട്ടുമെല്ലാം നാട് നീങ്ങിയതിലുള്ള വിഷമത്താൽ ഗതകാല സ്മരണകളിൽ വികാരാധീനനായി കുറെ നേരം മിണ്ടാതിരുന്നു, ആ കണ്ണുകൾ നനഞ്ഞുവോയെന്നു എനിക്ക് സംശയം തോന്നി. പിന്നീട് ഒരിക്കൽ രാവിലെ വന്നാൽ ശ്ലോകം പാടി കേൾപ്പിക്കാം എന്നും പറഞ്ഞു. വീണ്ടും പഴയ നിലയിലേക്ക് വന്നു കൈകൾ കൂപ്പി എന്നെ യാത്രയാക്കി. 

തിരിച്ചു പോരുമ്പോൾ വേടവേഷവുമായി പോകുന്ന പണിക്കർ എൻ്റെ മുന്നിൽ മിന്നിമറഞ്ഞു, "കാട്ടിലിരിക്കുന്ന കരിമൂർക്ക പാമ്പിനേയും തച്ചു കൊന്നു വേടൻ .............മുന്നിൽ നിന്നും പാടിയോയെന്നൊരു തോന്നൽ. വെറും തോന്നൽ മാത്രം, ഇത്രയും പ്രായമായ പണിക്കർ ഇനിയൊരിക്കലും വേടൻ പാട്ടുമായി ഇറങ്ങില്ല, അതിനുള്ള ആരോഗ്യവുമില്ല, വേടനുമില്ല, പാട്ടുമില്ല പാടാനാർക്കും അറിയുകയുമില്ല,  ശ്ലോകമില്ലാതെ തന്നെ അപൂർണമായി രിക്കും ഈ പോസ്റ്റ് എല്ലാകാലങ്ങളിലും. മറ്റു പല നാടൻ കലകളേയും പോലെ വേടൻ പാട്ടും തിരിച്ചു വരവില്ലാത്ത വിധം നാട് നീങ്ങി. വേടൻ പാട്ടിൻ്റെയും ഗോദാമൂരി പാട്ടിൻ്റെയും ഐതിഹ്യം അറിയാവുന്നവർ  പണിക്കരെ പോലെ തൊണ്ണൂറു കഴിഞ്ഞ വിരലിൽ എണ്ണാവുന്നവർ മാത്രം, അതും ഇനി എത്ര കാലം.................. 

കാസർഗോഡും, വള്ള്യായിയുടെ ചില ഭാഗങ്ങളിലും, പൊയിലൂരിലും ചില ഭാഗങ്ങളിൽ വേടൻ പാട്ട് ഇപ്പോഴും നടക്കുന്നുവെന്ന് അറിയാൻ കഴിഞ്ഞു......,  മുക്കിലും മൂലയിലും ഡോക്ടർമാർ ഇല്ലാതിരുന്ന കാലത്ത്, വീടുകളിൽ കുട്ടികൾക്കും മറ്റുള്ളവർക്കുമൊക്കെ ചെറിയ അസുഖങ്ങൾ വന്നാൽ അമ്മിണിയമ്മയേയോ സ്വാമി നാഥൻ ചേട്ടനെയോ കൂട്ടി വരും, അവർ ചരടിൽ മന്ദ്രിച്ചു ഊതി നൽകും, നി ഷ്കളങ്കരായ അവരുടെ മന്ത്ര ചരട് കൊണ്ടും ചെറിയ അസുഖങ്ങൾ പലതും മാറാറുമുണ്ട്, ചരടിൻറെയോ മന്ത്രത്തിൻറെയോ ശക്തിയല്ലായിരിക്കാം, എന്നാലും ഗ്രാമത്തിലെ നിഷ്കളങ്കരായ ജനങ്ങൾക്ക് അവരോടുണ്ടായിരുന്ന വിശ്വാസ്സം അതായിരുന്നു.

പണ്ടെന്നോ ഒരു കർക്കടകത്തിൽ മല കയറിയ ദൈവവും പൊതിയും തിരി ച്ചിറങ്ങിയില്ല, മലയിറങ്ങിയ ചിന്നും ചെകുത്താനും തിരിച്ചു പോയതുമില്ല ചിന്നും ചെകുത്താനും താണ്ഡവമാടുമ്പോൾ ശിവനായി പ്രത്യക്ഷപ്പെടാൻ വേടനോ വേടൻ പട്ടോയില്ല, വേടനും വേടൻ പാട്ടും  നാട് നീങ്ങിയെങ്കിലും ആദരിക്കാം, നമുക്ക്, അറിയപ്പെടാതെ പോയ നമ്മുടെ മൊകേരിയുടെ, കൂരാറയുടെ, ആറ്റുപുറത്തിൻ്റെ, അതുപോലെ എല്ലായിടത്തുമുള്ള നാടിൻറെ സ്വന്തം കലാകാരൻമ്മാരെ........................ അങ്ങിനെ അവർ ജനമനസ്സുകളിൽ ജീവിക്ക ട്ടെ......



Saturday, 13 September 2014

ഉറുമ്പിനു കൊടുക്കൽ - ആചാരങ്ങളും വിശ്വാസ്സങ്ങളും

       
                ഉറുമ്പിനു കൊടുക്കൽ - ആചാരങ്ങളും വിശ്വാസ്സങ്ങളും
റീ പോസ്റ്റ്,

പോസ്റ്റുകൾ അടിച്ചുമാറ്റിയാൽ നടപടിഎടുക്കും

എല്ലാ ജീവികളേയും സഹാനുഭൂതിയും, സദ്ഭാവനയോടുകൂടി നോക്കി കാണു കയെന്നുള്ളത് മഹനീയമായ ഭാരത സംസ്കാരത്തിൻറെ മുഖ മുദ്രയാണ്. അത് കൊണ്ടാണ് പട്ടി, പൂച്ച, കിളികൾ, പ്രാവ്‌കൾ അങ്ങിനെ മനുഷ്യർക്ക് മറ്റു പ്ര യോജനങ്ങളൊന്നും ഇല്ലാതിരുന്നിട്ടും പലതരം പക്ഷി മൃഗാദികളെയും, അലങ്കാ ര മൽസ്യങ്ങളേയുമെല്ലാം നമ്മൾ വീടുകളിൽ വളർത്തുന്നത്. ഭാരതത്തിൽ നില നിന്നിരുന്ന പല വിശ്വാസ്സങ്ങളും പക്ഷി മൃഗാദികൾക്ക് പലപ്പോഴും രക്ഷാ കവ ചമായി മാറാറുമു ണ്ട്. പക്ഷി മൃഗാദികളുടെ സംരക്ഷണം ഉറപ്പിക്കാൻ വേണ്ടി യായിരിക്കാം പൂ ർവ്വികർ പല വിശ്വാസ്സങ്ങളും, ആചാരങ്ങളും ഉണ്ടാക്കിയി രിക്കുന്നത്. വിശ്വാസ്സത്തിൻറെ ഭാഗമായുള്ള ഒരു പാട് ആചാരങ്ങളും നമ്മുടെ നാട്ടിൽ നിലനിന്നിരുന്നു. അങ്ങിനെയുള്ള ഒരു ആചാരമായിരുന്നു ഉറുമ്പിന് കൊടുക്കൽ.    

മാവുകൾക്ക് മുകളിൽ കാണപ്പെടുന്ന ഒരു പ്രത്യേക തരം ഉറുമ്പ് ,പേര് പാമ്പുറു മ്പാണെന്നു തോന്നുന്നു കടിച്ചാൽ അസഹ്യമായ വേദനയാണ്, കടിയേറ്റാൽ വേദ ന സഹിക്കാൻ പറ്റാതെ കൈകൊണ്ടു ഉരക്കുകയാൽ ഈ ഉറുമ്പുകൾ ഉടനെ മരി ക്കുകയും ചെയ്യുന്നു. ഇതിനെ പറ്റി രസകരമായ ഒരു കഥയുണ്ട്. ഈ ഉറുമ്പ് ഒരി ക്കൽ ഒരു പ്രത്യേക വരത്തിനായി ബ്രമ്മാവിനെ തപസ്സു ചെയ്തു. കൊടും തപ സ്സിൽ സന്തുഷ്ടനായ ബ്രഹ്മാവ് പ്ര ത്യേക്ഷപ്പെട്ടു അനുഗ്രഹിക്കുകയും, തപസ്സി ൻറെ ഉദ്ദേശം ആരായുകയും ചെയ്യുന്നു. കടിച്ചാൽ മരിക്കണമെന്ന വാരമാണ് ഉറുമ്പ് ആവശ്യപ്പെട്ടതന്നും, അപകടം മണത്തറിഞ്ഞ ഭഗവാൻ വരം നൽകുന്നു " നീ കടിച്ചാൽ ഉടനെ മരിക്കും" ചക്കിന് വെച്ചത് കൊക്കിന് കൊണ്ടെന്നപോലെ ഉറുമ്പ് ആവശ്യപ്പെട്ട വരം ഉറുമ്പിന് തന്നെ വിനയായെന്നുമാണ് രസകരമായ ആ കഥ.

ഉറുമ്പുകൾ ഒരു കാലത്ത് അത്താഴം മുടക്കികൾ ആകാറുണ്ട്. എല്ലാ കാലങ്ങളി ലും വീടുകളിലും പരിസ്സരങ്ങളിലും പലതരത്തിൽപ്പെട്ട ഒരു പാട് ഉറുമ്പുകൾ ക ണ്ടുവരാറുണ്ടു. കുനിയൻ ഉറുമ്പ്‌, ചോണൻ ഉറുമ്പ്‌, നെയ്യുറുമ്പ് , കട്ടുറുമ്പു, പാ മ്പുറുമ്പ് ഇങ്ങിനെ പല പേരുകളിൽ, പല വർഗത്തിൽപ്പെട്ട  ഒരു പാടു ഉറുമ്പുക ൾ വീട്ടിനകത്തും, പരിസ്സരങ്ങളിലുമായി കാണാറുണ്ട്‌. ഇതിൽ കുനിയൻ ഉറു മ്പും, നെയ്യുറുമ്പുമാണ് മനുഷ്യർക്ക് ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുകൾ ഉണ്ടാ ക്കുക. എത്ര ഭദ്രമായി മൂടി വച്ച ഭക്ഷണമായാലും എങ്ങിനെയെങ്കിലും ഏതെ ങ്കിലും ഒരു പഴുതു കണ്ടു പിടിച്ചു വലിഞ്ഞു കയറുകയെന്നത് ഈ രണ്ടു ഉറു മ്പുകളുടേയും സ്ഥിരം പതിവായിരുന്നു. നൂറു കണക്കിനു ഉറുമ്പു കൾ കയറി ആഹാരം പലതും കഴിക്കാൻ പറ്റാത്ത അവസ്ഥയിലാകും.

ദാരിദ്ര്യം നടമാടുന്ന  ആ കാലത്ത്‌വളരെ കഷ്ടപ്പെട്ടാണ്‌ അന്നന്നത്തെ അന്നത്തിനു ള്ള വകകൾ കണ്ടെത്തിയിരുന്നത്, ഉണ്ടാക്കി മൂടി വച്ച ഭക്ഷണ പദാർത്ഥങ്ങൾ ഉ റുമ്പ്‌ കയറി നശിപ്പിച്ചാൽ ആ ദിവസ്സം പട്ടിണി ആയിരിക്കും. പഞ്ചസ്സാരയും, ശ ർക്കരയും, വെളിച്ചെണ്ണയുമെല്ലാം എത്ര ഭദ്രമായി മൂടി വച്ചാലും ഭരണികളിലും കുപ്പികളിലുമെല്ലാം വലിഞ്ഞു കയറുകയെന്നത് കുനിയനുറുമ്പിൻറെയും, നെ യ്യുറുമ്പിൻറെയും സ്ഥിരം പതിവായിരുന്നു. അങ്ങിനെ അത്താഴം മുടങ്ങിയ പ ല അനുഭവങ്ങളും ഉണ്ടായിട്ടുമുണ്ട്.

ഉറുമ്പ്‌ ശല്ല്യം കൊണ്ട് പൊറുതി മുട്ടുമ്പോൾ വീടുകളിൽ ഉറുമ്പിനു കൊടുക്കൽ നടത്തും. ഒന്നോ രണ്ടോ മാസ്സത്തിലൊരിക്കൽ വീടുകളിൽ നടക്കുന്ന ചടങ്ങായി രുന്നു ഉറുമ്പിന് കൊടുക്കൽ. കൂടാതെ പുര കെട്ടു അല്ലെങ്കിൽ ഗൃഹ പ്രവേശം ക ഴിഞ്ഞാൽ നിർബന്ധമായും ഉറുമ്പിന് കൊടുക്കും. ഈ ദിവസ്സങ്ങളിൽ  ഉറുമ്പി നു ഭക്ഷണം കൊടുത്താൽ ആ വർഷം മുഴുവൻ ഉറുമ്പ്‌ ശല്ല്യം ഉണ്ടാകില്ല എന്ന തു വിശ്വാസം. പുര കെട്ടു കഴിഞ്ഞാൽ രാത്രിയിലാണ് ഉറുമ്പിനു കൊടുക്കൽ അ രിയും, ശ ർക്കരയും നാളികേരവും  ചേർത്തു പായസ്സം ഉണ്ടാക്കും, ചൂടാറിക്ക ഴിയുമ്പോൾ രണ്ടു പാത്രങ്ങളിൽ പായസ്സം വിളമ്പും, തെങ്ങോ ലകൊണ്ട് വലിയ രണ്ടു ചൂട്ട്കൾ കെട്ടിയുണ്ടാക്കും.

കത്തിച്ചു പിടിച്ച ചൂട്ട് കറ്റകൾ ഇരുകൈകളിലും പിടിച്ചു ഒരാൾ മുമ്പിൽ നട ക്കും, ഇരു കൈകളിൽ പായസ്സപ്പാത്രവുമായി രണ്ട് പേർ പിറകെ നടക്കും. വീടി ൻറെ നടുമുറ്റത്ത്‌ നിന്നാണ് നടക്കാൻ തുടങ്ങുക, ഒരാൾ പായസ്സം ഇടതു ഭാഗ ത്തേക്ക്‌ വാരി ഏറിയും, മറ്റേ ആൾ വലതു വശത്തേക്ക് വാരി ഏറിയും, എറി യുമ്പോൾ നിർത്താതെ ഉറുമ്പുകളെ പേര് ചൊല്ലി വിളിക്കും."കുനിയൻ ഉറുമ്പ്, ചോണൻ ഉറു മ്പ്, കട്ടുറുമ്പു, നെയ്യുറുമ്പു, പാമ്പുറുമ്പു" ഒരു വട്ടം വീടിനെ ചുറ്റി കഴിഞ്ഞാൽ നടുമുറ്റത്ത്‌ വന്നു കുറച്ചു സമയം നിൽക്കും, വീണ്ടും ആവർത്തി ക്കും, മൂന്ന് തവണ വീടിനെ ചുറ്റി പായസ്സം എറിഞ്ഞു കഴിഞ്ഞാൽ ബാക്കിയു ള്ള പായസ്സം നടയിൽ ഇല വിരിച്ചു വിളമ്പും. കത്തി തീരാറായ ചൂട്ട് പായസ്സ ത്തിനരികിൽ വച്ച് പിറകോട്ട് നടന്ന് അകത്ത് കയറി ഉമ്മറ വാതിൽ അടക്കും.

ബാക്കിയുള്ള പായസ്സം എല്ലാവർക്കും വിളമ്പും, വീട്ടുകാരും പായസ്സം കഴി ക്കും, രാത്രിയിൽ അടച്ച വാതിൽ രാവിലെ മാത്രമേ തുറക്കുകയുള്ളു, കാലത്ത് പതിവ് പോലെ മുറ്റം തൂക്കില്ല,  ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്ന ഉറുമ്പുകളെ ശല്യം ചെയ്താൽ വീടുകളിൽ ഉറുമ്പ് ശല്ല്യം വിട്ടുമാറില്ല. മുത്തശ്ശിമാർക്കും അ മ്മമാർക്കും സമാധാനം, ഇനി കുറെ കാലം ഉറുമ്പിനെ ഭയക്കേണ്ടല്ലോ !!!!!!.

കേരളത്തിന് പുറത്ത് പല സംസ്ഥാനങ്ങളിലും നിലവിലുള്ള രംഗോലി വരയൽ, (കോലം വരക്കൽ) മുൻ കാലങ്ങളിൽ അരി മാവ് കൊണ്ടാണ് ചെയ്ത് വന്നിരു ന്നത്. ഉറുമ്പിന് ഭക്ഷണം കൊടുക്കുകയെന്ന ഉദ്ദേശ്യമായിരുന്നു കോലം വരക്കൽ ചടങ്ങു വഴി നടന്നിരുന്നതെന്നാണ് പറയപ്പെടുന്നത്. മുറ്റത്ത് തന്നെ ആഹാരം കി ട്ടുമ്പോൾ ഉറുമ്പുകൾ വീട്ടിനകത്ത് വന്ന് ബുദ്ധിമുട്ടുണ്ടാക്കുകയില്ലയെന്നതായി രിക്കാം കോലം വരക്കലിൻറെ പിറകിലുണ്ടായിരുന്ന വിശ്വാസ്സം.

എന്നാൽ കാലം മാറിയപ്പോൾ അരിമാവിന് പകരം വെള്ള കല്ലുകളുടെ പൊടി യും മറ്റുമാ ണ് ഉപയോഗിന്നുന്നത്. കീടാനാശിനികളുടേയും രാസ്സ വളങ്ങളുടെ യും അമിത ഉപയോഗം കാരണത്താലായിരിക്കാം മണ്ണിൽ ഉറുമ്പുകളുടെയും, ചിതൽ, ഞാഞ്ഞുലട ക്കമുള്ള പല ജീവികളുടെയും വാസ്സം അസാധ്യമായി ക്കൊണ്ടിരിക്കുന്നതിനാലാവാം, ഇപ്പോൾ ഉറുമ്പുകളുടെയും ഞാഞ്ഞുലുകളുമ ടക്കം മണ്ണിൽ കഴിയുന്ന ജീവികളുടെ എണ്ണത്തിൽ ഗണ്യമായ അളവിൽ കുറവു കൾ സംഭവിച്ചു കൊണ്ടിരിക്കുന്നു. ഇപ്പോൾ പഴയ പോലെ വീട്ടു പരിസ്സരങ്ങ ളിൽ ഉറുമ്പു കളെ അധികമായി കാണാറില്ല, അത്താഴം മുടക്കികളാകാറുമില്ല.

ഇന്ത്യയുടെ പല ഭാഗങ്ങളിലും പട്ടണങ്ങളിലും ഗ്രാമങ്ങളിലും പക്ഷികൾക്ക് ഭ ക്ഷണം കൊടുക്കുന്ന സ്ഥലങ്ങൾ കാണാൻ കഴിയും. മുംബയ് ദാദറിലെ കബൂ ത്തർ ഖാനയിൽ ഒരു ദിവസ്സം പല ലക്ഷം പ്രാവുകളാണ് പലരും വിളമ്പുന്ന ധാ ന്യങ്ങൾ കഴിക്കാൻ എത്തി  ചേരുന്നത്. പ്രാവുകൾക്ക് ഭക്ഷണം കൊടുക്കുന്ന സ്ഥലമായതിനാലാണ് ഈ സ്ഥലം അതേ അർത്ഥം വരുന്ന കബൂത്തർ ഖാനയെ ന്ന പേരിൽ അറിയപ്പെടുന്നത്. ദിവസ്സവും രാവിലെ ജോലിക്കായി പോകുന്നവ ർ വലിയ പൊതികളിലായി പല തരം ധാന്യങ്ങൾ ഇവിടെ നിക്ഷേപിക്കുന്നത് സ്ഥിരം കാഴ്ചയാണ്. വലിയ ധനികരായ വ്യവസായികൾ ചാക്കുകളിൽ ധാന്യ ങ്ങൾ നിറച്ചു വണ്ടിയിൽ കൊണ്ട് വന്ന് വിളമ്പുന്നതും സ്ഥിരം കാഴ്ചകൾ ത ന്നെ.
 
പല സംസ്ഥാനങ്ങളിലും തെരുവ് നായകൾക്കും, പൂച്ചകൾക്കും, പല തരം പ ക്ഷികൾക്കുമായി ആഹാരവും വെള്ളവും വഴിയോരങ്ങളിൽ പാത്രങ്ങളിൽ നി റച്ചു സൂക്ഷിക്കുന്നത് സ്ഥിരം കാഴ്ചയാണ്. ഉത്തരേന്ത്യയിലെ പല ക്ഷേത്രങ്ങളി ലും രാവിലേയും വൈകുന്നേരങ്ങളിലും പശുക്കളും, ആടുകളുമെല്ലാം വരി വ രിയായി നിന്ന് ഭക്തർ നൽകുന്ന ഭക്ഷണ പദാർത്ഥങ്ങൾ കഴിക്കുന്നത് കൗതുകക രമായ കാഴ്ചയാണ്. എല്ലാ ജൈന ക്ഷേത്രങ്ങളുടെയും പരിസ്സരങ്ങളിൽ സൂക്ഷി ച്ചിട്ടുള്ള പാത്രങ്ങളിൽ പക്ഷികൾക്കുള്ള ആഹാരവും വെള്ള വും നിത്യവും ഭ ക്ത ജനങ്ങൾ നിറക്കുന്നത് കാണാം.

കേരളത്തിൽ കണ്ണൂർ ജില്ലയിലെ മട്ടന്നൂരിൽ മരുതായിയിൽ ഉറുമ്പേരി കോട്ടം ക്ഷേത്രമായിരിക്കാം ഉറുമ്പിനെ ആദരിക്കുവാൻ ഇന്ത്യയിൽ തന്നെയുള്ള ഒരേ യൊരു ക്ഷേത്രം. വേറെ എവിടെയെങ്കിലും ഇങ്ങിനെയൊരു ക്ഷേത്രമുണ്ടോയെ ന്ന കാര്യം അറിയില്ല.!!!!! എന്നാൽ തെക്കൻ കേരളത്തിലെ പല ക്ഷേത്രങ്ങളിലും പൂജ കഴിഞ്ഞ ശേഷം പ്രസാദത്തിൻറെ ഒരു ഭാഗം ഉറുമ്പുകൾക്കും മറ്റു പക്ഷി പ്രാണികൾക്കുമായി മാറ്റി വച്ച ശേഷം ബാക്കി വരുന്നത് മാത്രമേ ഭക്തർക്ക് വി തരണം ചെയ്യുകയുള്ളൂ. ഇരിഞ്ഞാലക്കുട കൂടൽ മാണിക്യ ക്ഷേത്രത്തിലെ കുള ത്തിലെ മീനുകളെ വളർത്തുന്നതും വിസ്മയ കരമായ കാഴ്ചയാണ്.

വടക്കേ മലബാറിൽ പ്രതേകിച്ചും, കോഴിക്കോട്, തലശ്ശേരി, കണ്ണൂർ ഭാഗങ്ങളി ൽ പല വർഷങ്ങൾക്കു മുമ്പ് നില നിന്നിരുന്ന ആചാരമായിരുന്നു ഉറുമ്പിന് കൊ ടുക്കൽ. എൻറെ കുട്ടിക്കാലത്ത് ഞാനും അമ്മുമ്മയുടെ നിർദ്ദേശ പ്രകാരം തറ വാട് വീടായ വാച്ചക്കലിൽ പല പ്രാവശ്യമായി ഉറുമ്പിനു കൊടുത്തിട്ടുണ്ട്‌.

അഭിമാനിക്കാം നമുക്ക് നമ്മുടെ നാടിൻറെ പുണ്ണ്യമായ ഇത്തരം സംസ്കാരങ്ങ ളെ ഓർത്ത്.


 ജയരാജൻ കൂട്ടായി