Sunday, 14 September 2014

വേടൻ പാട്ട്

 വേടൻ പാട്ട്   

രണ്ടായിരത്തി പതിനാല് സപ്റ്റംബർ പതിനാലിന് എഴുതിയ പോസ്റ്റാണ്, ഇതിൽ പ്രതിപാദിച്ചിട്ടുള്ള കുഞ്ഞമ്പൂട്ടി പണിക്കർ ഭൂമിയിലെ അദ്ദേഹത്തി ൻ്റെ യാത്ര പൂർത്തിയാക്കി മടങ്ങിയിട്ട് അഞ്ച് വർഷങ്ങളായി, എങ്കിലും ശ്രീ കുഞ്ഞമ്പൂട്ടി പണിക്കർ ഈ പഴയകാല ചരിത്രത്തിൽ കൂടി ജനമനസ്സുകളിൽ എന്നുമെന്നും ജീവിക്കട്ടെ................ കുഞ്ഞമ്പൂട്ടി പണിക്കർക്ക് പ്രണാമം ...............
  
വേനലിൽ വരണ്ടുണങ്ങിയ മണ്ണിനെ കുളിരണിയിച്ചു കൊണ്ട് എത്തുന്ന ഇടവപ്പാതി, തളിരിടുന്ന ചെടികൾ, മിഥുനമാസവും, കർക്കടകവും മഴ തന്നെ. കർക്കടകം ശ്രാവണത്തിൻറെ വരവറിയിച്ചു കൊണ്ടാണ് വന്നു ചേരുന്നത്. ഒപ്പം കലിതുള്ളുന്ന കാലവർഷവും, ചെടികളും, വള്ളികളും പൂവണിയാൻ വെമ്പുന്ന കാലം. എന്നാലും ആധികളും വ്യാധികളുമാണ് കർക്കടകത്തിൽ, കർക്കടകം കഴിഞ്ഞാൽ ദുർഘടവും കഴിഞ്ഞെന്നും പഴമൊഴി,  കർക്കടക ത്തിൽ  ആധിയും വ്യാധിയുമകറ്റാൻ വീടുകൾ തോറും  കൊട്ടി പാടി  കൊണ്ടെത്തുന്ന വേടൻ.
  
കാട്ടിലിരിക്കുന്ന കരിമൂർഖ പാമ്പിനേയും തച്ചുകൊന്നു വേടൻ .................. ഡും ഡും ഡും ....................

അമ്മിണിയമ്മ പരിസരം മറന്ന് നീട്ടി പാടും,  മകൻ സ്വാമിനാൻ ഏറ്റു പാടും, "കാട്ടിലിരിക്കുന്ന കരിമൂർഖ പാമ്പിനേയും തച്ചുകൊന്നു വേടൻ .................. ഡും ഡും ഡും" ..... ............ 

കർക്കടകം ഒന്നു മുതൽ വേടൻ പാട്ടിന് തുടക്കമാവുന്നു. ഒന്നാം തിയ്യതി  പുലർകാലത്ത് കുളിച്ചു വേടവേഷവുമായി ഇറങ്ങുന്ന വേടൻ ഏതാണ്ട് പതിനൊന്നു മണിവരെ ഗ്രാമത്തിലുള്ള വീടുകൾ കയറി ഇറങ്ങി ചെണ്ട കൊട്ടി പാടും. കർക്കടകത്തിൽ ദൈവവും പോതിയും മലകയറും, ചിന്നും ചെകുത്താനും മലയിറങ്ങി വരും, മലയിറങ്ങി വരുന്ന ചിന്നിനേയും ചെകുത്താനേയും അകറ്റുവാൻ വേട വേഷവുമായി വരുന്ന പരമശിവനെ ഭക്തിയോടു കൂടി വീട്ടുകാർ വരവേൽക്കുന്ന ആചാരമാണ് വേടൻ പാട്ട്. അസ്സാമാന്യമായ പല കഴിവുകളുമുണ്ടായിട്ടും അറിയപ്പെടാതെ പോയ ഒരു പാട് കലാകാരന്മാർ നമുക്കുണ്ടായിരുന്നു. അവരുടെ കഴിവുകളും അവരോടോപ്പോം നാടുനീങ്ങി. അങ്ങിനെയുള്ള നമ്മുടെ നാടി ൻ്റെ അനേകം കലാകാരൻമ്മാരിൽ രണ്ട് പേരായിരുന്നു മൊകേരി കൂരാറയിലെ കോമത്ത് അമ്മിണിയമ്മയും, മകൻ സ്വാമിനാഥനും. 

പരമശിവനെ പ്രീതിപ്പെടുത്തി പാശുപതാസ്ത്രം ലഭിക്കുവാൻ വേണ്ടി പാർത്ഥൻ കാട്ടിൽ കൊടും തപസ്സു തുടങ്ങി. പാർത്ഥൻറെ തപസ്സിൻറെ മഹിമ നെരിട്ട് കണ്ടറിയാൻ പരമശിവനും ശ്രീപാർവതിയും തീരുമാനിച്ചു, അങ്ങിനെ അവർ വേഷം മാറി, വേട്ടക്കാരായ വേടവേഷവും കെട്ടി, തപസ്സു ചെയ്യുന്ന പാർത്ഥനെ അന്വേഷിച്ചു പുറപ്പെട്ടു.  പല ദിവസ്സങ്ങളും യാത്ര ചെയ്തു നാടുകളും കാടുകളും താണ്ടി പാർത്ഥൻറെയടുത്തു എത്തി ചേർന്നു. പരമശിവൻ സ്വ ന്തം മായയാൽ തീർത്ത പല പക്ഷികളെയും, പാമ്പുകളെയും വേട്ടയാടിയും കൊന്നും കൊണ്ട് പാർത്ഥൻറെ തപസ്സിളക്കുവാൻ ശ്രമം നടത്തി. എന്നാൽ എല്ലാ പ്രയത്നങ്ങളും വിഫലമായി,  ഇതൊന്നും പാർത്ഥൻറെ കൊടും തപ സ്സിനെ ഇളക്കുവാൻ പര്യാപ്തമായിരുന്നില്ല.

ഒടുവിൽ മായകൊണ്ടുണ്ടാക്കിയ ഒരു പന്നിയെ അമ്പു കൊണ്ട് മുറിവേറ്റ നില യിൽ പാർത്ഥൻറെ മുന്നിലേക്ക്‌ ശരണം പ്രാപിക്കാൻ എന്ന നിലയിൽ വലി ച്ചെറിയുന്നു. പന്നിയുടെ ദയനീയ അവസ്ഥയിൽ മനം നൊന്ത പാർത്ഥൻ തപ സ്സു ഉപേക്ഷിച്ചു പന്നിയെ രക്ഷിക്കാൻ തയ്യാറാവുന്നു. എന്നാൽ എൻറെ ഉപജീവനമാർഗമാണ് വേട്ടയാടൽ, വേട്ട മൃഗത്തെ എനിക്കു തിരിച്ചു നൽകണമെന്ന് പറഞ്ഞു കൊണ്ടു വേടൻ പാർത്ഥനെ സമീപിക്കു ന്നു. പാർത്ഥനും വേടനും തമ്മിൽ വാഗ്‌വാദം നടക്കുന്നു. വിട്ടു കൊടുക്കാൻ ഇരുവരും തയ്യാറായില്ല. അഭയം തേടി ശരണം പ്രാപിച്ചവനെ രക്ഷിക്കുക എ ന്നതു ധർമ്മ വിശ്വാസ്സിയായ എൻറെ ധർമ്മമാണ്, അതു കൊണ്ടു തിരിച്ചു പോകാൻ വേടനോട് ആവശ്യപ്പെടുന്നു.

വേട്ട മൃഗമായ പന്നിയെ കിട്ടാതെ പോകില്ലായെന്ന് വേടനും, കനത്ത വാ ക്പോരിനും, കലഹത്തിനുമൊടുവിൽ വേടൻ യുദ്ധത്തിനു വെല്ലുവിളിക്കു ന്നു. വെല്ലു വിളി സ്വീകരിച്ച പാർത്ഥൻ വില്ലും അമ്പുമെടുത്തു യുദ്ധം തുടങ്ങി. വില്ലാളി വീരനായ പാർത്ഥൻ തൊടുത്തു വിടുന്ന എല്ലാ അമ്പുകളും തൻറെ കൈകളാൽ നിഷ്പ്രയാ സ്സം പിടിച്ചെടുത്ത വേടൻറെ അസ്സാമാന്യ കഴി വ് പാർത്ഥനെ അത്ഭുതപ്പെടുത്തി. അന്തമില്ലാതെ അനന്തമായി നീളുന്ന  യുദ്ധത്തിനൊടുവിൽ അമ്പുകൾ എല്ലാം തീർന്നതിൽ  പിന്നെ ഗഥാ യുദ്ധം തുടങ്ങി. ഗഥയും പിടിച്ചെടുത്തു വേടൻ ദൂരേക്ക്‌ വലിച്ചെറിഞ്ഞു. ഒരു വന  വാസ്സിയായ വേടൻറെ അസാമാന്യ പാഠവവും, സാമർഥ്യവും പാർത്ഥനെ തീർത്തും അത്ഭുതപ്പെടുത്തുകയും, അമ്പരപ്പിക്കുകയും ചെ യ്തു.

കയ്യിൽ ഇരിക്കുന്ന എല്ലാ ആയുധങ്ങളും തീർന്നപ്പോൾ വെല്ലുവിളിയുമായി പാർത്ഥൻ മല്ല യുദ്ധം തുടങ്ങി. മെയ് വഴക്കത്തിലും, കായിക ശക്തിയിലും  തുല്യ ശക്തരായ രണ്ടു പേർ പരസ്പ്പരം പൊരുതികൊണ്ടിരുന്നു, ജയപരാജയം ആർക്കുമില്ലാതെ തുടരുന്ന യുദ്ധത്തിനിടയിൽ പരസ്പരം കെട്ടിമറിഞ്ഞു  കൊണ്ട് മലർന്നടിച്ചു രണ്ടുപേരും മറിഞ്ഞു വീഴുകയും, എഴുന്നേറ്റു വർദ്ധിച്ച വീര്യ ത്തോടെ വീണ്ടും ഏറ്റുമുട്ടിക്കൊണ്ടുമിരുന്നു. അങ്ങിനെ അന്തമില്ലാത്ത  മല്ലയുദ്ധത്തിനിടയിൽ മലർന്നടിച്ചു രണ്ടുപേരും ധരണിയിൽ വീണപ്പോൾ ആടകൾ ഒരുഭാഗത്തും, നാഗമാല മറുഭാഗത്തുമായി തെന്നിമാറിയപ്പോൾ യഥാർത്ഥ രൂപം പ്രത്യക്ഷപ്പെടുകയും "അയ്യോ ഭഗവാനെ ഞാൻ അങ്ങയുടെ ഈ വേഷം അറിഞ്ഞില്ലല്ലോ" എന്ന് വിലപിച്ചു കൊണ്ട് സാഷ്ട്ടാഗ പ്രണാമം ചെയ്തു മാപ്പ് ചോദിച്ചു. പാർത്ഥൻറെ തപസ്സിലും ധർമ്മ നിഷ്ഠയിലും ഒരു പോലെ സന്തുഷ്ടനായ പരമ ശിവൻ പാശുപതാസ്ത്രം നൽകി പാർത്ഥനെ അനുഗ്രഹിച്ചയച്ചുവെന്നുമാണ് കഥക്ക് ആധാരം.

ഇതിൻറെ ഓർമ്മ പുതുക്കലായിട്ടാണ് വേടൻ പാട്ട് എന്ന ആചാരം നടത്തി വന്നിരുന്നത്. ശിവ പാർവതിമാർ വേട വേഷം കെട്ടി മുറ്റത്ത്‌ വന്നു പാടിയാൽ കർക്കടക മാസ്സത്തിൽ മലയിറങ്ങി വരുന്ന ചിന്നിനേയും, ചെകുത്താനേയും അകറ്റാമെന്നും വീട്ടിൽ ശിവ പാർവതി സാന്നിധ്യവും, അതുകൊണ്ട് തന്നെ ഔശര്യവും വരുമെന്നും, പഞ്ഞ കർക്കിടകത്തിൻറെ കാഠിന്യം കുറയുമെ ന്നും വിശ്വാസ്സം. എന്നാൽ കുല തൊഴിലായ തെയ്യം കെട്ടു മാത്രം ചെയ്തു ജീവി ച്ചിരുന്ന മലയസമുദായത്തിൻറെ പഞ്ഞ മാസ്സങ്ങളിലെ ജീവനോപാധി കൂടി യായിരുന്നു വേടൻ പാട്ട്.

 വേടൻ പാട്ടു പാടി കഴിഞ്ഞാൽ മഞ്ഞൾ കലക്കിയ മഞ്ഞ ഗുരുസി തെക്കോ ട്ടും കറുപ്പ് കലക്കിയ കറുപ്പ് ഗുരുസി വടക്കോട്ടും ഉഴിഞ്ഞു ഒഴിക്കും. വീടുക ളിൽ നിന്നും വെള്ളരിക്ക, ചക്കക്കുരു, ഉണക്ക മാങ്ങ, അരി അല്ലെങ്കിൽ നെല്ലു, നാണയം തുടങ്ങിയവയെല്ലാം കാണിക്കയായി കൊടുക്കും, അങ്ങിനെ ക ർക്കടകം ഒരു വിധം പട്ടിണിയില്ലാതെ കഴിഞ്ഞു പോകും. ഇതും ഒരു കാരണ മായി പഴയവർ പറയുന്നുണ്ടെങ്കിലും, പഴയ കാലങ്ങളിൽ മിക്കവാറും എല്ലാ വീടുകളിലും ആ കാലത്ത് പട്ടിണി തന്നെ ആയിരുന്നു.

വടക്കൻ കേരളത്തിൽ കോഴിക്കോട് ജില്ലയിൽ ബാലുശ്ശേരി കോട്ട വേട്ടക്കൊ രു മകൻ ക്ഷേത്രം വളരെ പ്രശസ്തമാണ്. കണ്ണൂർ, കാസർഗോഡ് ജില്ലകളിലും  ചില ക്ഷേത്രങ്ങളിൽ കെട്ടിയാടുന്ന വേട്ടയ്ക്കൊരു മകൻ തെയ്യം, പരമ ശിവ ന് വേട വേഷത്തിലുള്ളപ്പോൾ ജനിച്ച മകനായിരുന്നുവെന്നും, അങ്ങിനെയാ ണ് നായാട്ട് വീരൻറെ മകൻ, അല്ലെങ്കിൽ വേട്ടക്കാരൻ്റെ മകൻ എന്നർത്ഥം വരുന്ന വേട്ടയ്ക്കൊരു മകനെന്ന പേര് വന്നതെന്നും ഐതിഹ്യം. വേട്ടയ്ക്കൊരു മകൻ ക്ഷേത്രപാലൻറെയും ഊർപ്പഴശ്ശി യുടേയും കൂടെ സഞ്ചരിച്ചിരുന്നുവെന്ന് വിശ്വാസ്സം നിലവിലുള്ളതിനാൽ, വേട്ടയ്ക്കൊരു മകൻ തെയ്യത്തോടോപ്പോം ക്ഷേത്രപാലൻറെയും, ഊർപ്പഴശ്ശിയുടേയും തെയ്യങ്ങളും കെട്ടിയാടാറുണ്ട്.

വേടൻ പാട്ടിൽ ശ്ലോകങ്ങൾ പാടുന്നതു കുട്ടിക്കാലത്ത്‌ കേട്ട ഓർമ്മ വച്ചാണ്‌ ഇ ത്രയും എഴുതിയത്‌, ശ്ലോകം ഒന്നും ഓർമ്മയിൽ ഇല്ല. കോമത്ത് സ്വാമിനാഥൻ ചേട്ടൻറെ ഭാര്യയോടും മകൻ പ്രൈവറ്റ് ബസ്സ്‌കണ്ടക്ടറായ രാജിവിനോടും  ചോദിച്ചപ്പോൾ അവർക്ക് അറിയില്ലായെന്നു പറഞ്ഞു. അമ്മിണിയമ്മയുടെ മൂത്ത മകൻ കുഞ്ഞമ്പൂട്ടി പണിക്കർ, സ്വാമിനാഥൻറെ ചേട്ടൻ കൈതേരി ഇ ടം എന്ന സ്ഥലത്ത് താമസ്സിക്കുന്നു, ആളെ കണ്ടാൽ ശ്ലോകം പറഞ്ഞു തരുമെന്നും പറഞ്ഞു, കൈതരി ഭഗവതി ക്ഷേത്രത്തിനടുത്തുള്ള കുഞ്ഞമ്പൂട്ടി  പണിക്കരുടെ വീട് തേടി പുറപ്പെട്ടു. പലരോടും വഴി ചോദിച്ചു, കുഞ്ഞമ്പൂട്ടി പണിക്കർ എല്ലാവർക്കും സുപരിചിതൻ. ഭഗവതി ക്ഷേത്രത്തിനടുത്തെത്തി, ചക്കര മുക്ക് കഴിഞ്ഞു മുന്നോട്ടു കുറച്ചു നടന്നു, ഇടവും വലവും മരങ്ങൾ  ഇടതൂർന്നു വളരുന്ന ഒരു മനോഹര ഗ്രാമം, കലപില കൂട്ടുന്ന കിളികളും, മർമരം പൊഴിക്കുന്ന മരത്തലപ്പുകളും, മരം ചാടി നടക്കുന്ന അണ്ണാനും, ഗ്രാമീണത വിളിച്ചോതുന്ന കുയിൽ നാദവും കൊണ്ട് ഗ്രാമ ഭംഗി വർണ്ണനാതീതം.

തൊണ്ണൂരിൻറെ അവശതകൾ അനുഭവിക്കുന്ന പണിക്കർക്ക്  ശാരിരിക അ വശത കാരണം കൂടുതൽ ഒന്നും പറയാൻ പറ്റിയില്ല, ശ്ലോകം ഒന്നും കിട്ടിയില്ല, എങ്കിലും പാരിസ്സിലും മറ്റും തെയ്യം കെട്ടിയതും, കൂരാറ കുന്നുമ്മൽ ക്ഷേത്ര ത്തിൽ ചാമുണ്ടി തെയ്യം കെട്ടിയ കഥയുമൊക്കെ പറഞ്ഞു. കുറച്ചു കൊല്ലം മുമ്പ് ശ്രീ നഗറിൽ നിന്നും ക്ഷണം ഉണ്ടായിരുന്ന കാര്യവും പറഞ്ഞു.  മക്കൾക്കോ പേരക്കുട്ടികൾക്കോ ശ്ലോകമോ, ഐതിഹ്യമോ അറിയാതെ പോയതിൽ ഉള്ള വിഷമം ആ മുഖത്ത് കാണാമായിരുന്നു. വേടൻ പാട്ടും ഗോദാമൂരി പാട്ടുമെല്ലാം നാട് നീങ്ങിയതിലുള്ള വിഷമത്താൽ ഗതകാല സ്മരണകളിൽ വികാരാധീനനായി കുറെ നേരം മിണ്ടാതിരുന്നു, ആ കണ്ണുകൾ നനഞ്ഞുവോയെന്നു എനിക്ക് സംശയം തോന്നി. പിന്നീട് ഒരിക്കൽ രാവിലെ വന്നാൽ ശ്ലോകം പാടി കേൾപ്പിക്കാം എന്നും പറഞ്ഞു. വീണ്ടും പഴയ നിലയിലേക്ക് വന്നു കൈകൾ കൂപ്പി എന്നെ യാത്രയാക്കി. 

തിരിച്ചു പോരുമ്പോൾ വേടവേഷവുമായി പോകുന്ന പണിക്കർ എൻ്റെ മുന്നിൽ മിന്നിമറഞ്ഞു, "കാട്ടിലിരിക്കുന്ന കരിമൂർക്ക പാമ്പിനേയും തച്ചു കൊന്നു വേടൻ .............മുന്നിൽ നിന്നും പാടിയോയെന്നൊരു തോന്നൽ. വെറും തോന്നൽ മാത്രം, ഇത്രയും പ്രായമായ പണിക്കർ ഇനിയൊരിക്കലും വേടൻ പാട്ടുമായി ഇറങ്ങില്ല, അതിനുള്ള ആരോഗ്യവുമില്ല, വേടനുമില്ല, പാട്ടുമില്ല പാടാനാർക്കും അറിയുകയുമില്ല,  ശ്ലോകമില്ലാതെ തന്നെ അപൂർണമായി രിക്കും ഈ പോസ്റ്റ് എല്ലാകാലങ്ങളിലും. മറ്റു പല നാടൻ കലകളേയും പോലെ വേടൻ പാട്ടും തിരിച്ചു വരവില്ലാത്ത വിധം നാട് നീങ്ങി. വേടൻ പാട്ടിൻ്റെയും ഗോദാമൂരി പാട്ടിൻ്റെയും ഐതിഹ്യം അറിയാവുന്നവർ  പണിക്കരെ പോലെ തൊണ്ണൂറു കഴിഞ്ഞ വിരലിൽ എണ്ണാവുന്നവർ മാത്രം, അതും ഇനി എത്ര കാലം.................. 

കാസർഗോഡും, വള്ള്യായിയുടെ ചില ഭാഗങ്ങളിലും, പൊയിലൂരിലും ചില ഭാഗങ്ങളിൽ വേടൻ പാട്ട് ഇപ്പോഴും നടക്കുന്നുവെന്ന് അറിയാൻ കഴിഞ്ഞു......,  മുക്കിലും മൂലയിലും ഡോക്ടർമാർ ഇല്ലാതിരുന്ന കാലത്ത്, വീടുകളിൽ കുട്ടികൾക്കും മറ്റുള്ളവർക്കുമൊക്കെ ചെറിയ അസുഖങ്ങൾ വന്നാൽ അമ്മിണിയമ്മയേയോ സ്വാമി നാഥൻ ചേട്ടനെയോ കൂട്ടി വരും, അവർ ചരടിൽ മന്ദ്രിച്ചു ഊതി നൽകും, നി ഷ്കളങ്കരായ അവരുടെ മന്ത്ര ചരട് കൊണ്ടും ചെറിയ അസുഖങ്ങൾ പലതും മാറാറുമുണ്ട്, ചരടിൻറെയോ മന്ത്രത്തിൻറെയോ ശക്തിയല്ലായിരിക്കാം, എന്നാലും ഗ്രാമത്തിലെ നിഷ്കളങ്കരായ ജനങ്ങൾക്ക് അവരോടുണ്ടായിരുന്ന വിശ്വാസ്സം അതായിരുന്നു.

പണ്ടെന്നോ ഒരു കർക്കടകത്തിൽ മല കയറിയ ദൈവവും പൊതിയും തിരി ച്ചിറങ്ങിയില്ല, മലയിറങ്ങിയ ചിന്നും ചെകുത്താനും തിരിച്ചു പോയതുമില്ല ചിന്നും ചെകുത്താനും താണ്ഡവമാടുമ്പോൾ ശിവനായി പ്രത്യക്ഷപ്പെടാൻ വേടനോ വേടൻ പട്ടോയില്ല, വേടനും വേടൻ പാട്ടും  നാട് നീങ്ങിയെങ്കിലും ആദരിക്കാം, നമുക്ക്, അറിയപ്പെടാതെ പോയ നമ്മുടെ മൊകേരിയുടെ, കൂരാറയുടെ, ആറ്റുപുറത്തിൻ്റെ, അതുപോലെ എല്ലായിടത്തുമുള്ള നാടിൻറെ സ്വന്തം കലാകാരൻമ്മാരെ........................ അങ്ങിനെ അവർ ജനമനസ്സുകളിൽ ജീവിക്ക ട്ടെ......



1 comment:

  1. ഇന്ന് എൻ്റെ വീട്ടിൽ വേടൻ വന്നു. എനിക്ക് വേടനെ പറ്റികൂടുതലൊന്നും അറിയില്ലായിരുന്നു. വേടൻ കെട്ടിയ കുട്ടിയെ കണ്ടപ്പോൾ ഉമ്മവെക്കാൻ തോന്നി. കൂടെയുണ്ടായിരുന്ന ആളോട് കുട്ടിയുടെ വയസ്സ് ചോദിച്ചറിഞ്ഞു. 7 വയസ്സ്. എനിക്ക് 8 വയസ്സുള്ള രണ്ട് perakkuttikalundu. ഉച്ചക്ക് രണ്ട് മണി കഴിഞ്ഞാണ് വന്നത്. കുട്ടിക്ക് ഭക്ഷണം വല്ലതും കൊടുത്തോ എന്ന് ചോദിച്ചപ്പോൾ കയ്യിലെ സഞ്ചിയിൽ ഉണ്ടെന്നും ഉടനെ കൊടുക്കുമെന്നും പറഞ്ഞു. ഞാൻ വീട്ടിൽ തനിച്ചായിരുന്നു. ഒരു നൂറു രൂപ വേടൻ്റെ കയ്യിൽ വെച്ച് കൊടുത്തു. എന്നിട്ട് ഈ വേടൻ്റെ ഐതിഹ്യം എന്താണെന്ന് ചോദിച്ചപ്പോൾ പാശുപതസ്ത്രത്തെ പറ്റി പറഞ്ഞു തന്നു. പാട്ട് പാടുകയോ ചെണ്ട മുട്ടുകയോ ഒന്നും വേണ്ട എന്നും ഞാൻ പറഞ്ഞിരുന്നു. പോകാൻ നേരം ഒരു 500 രൂപ കൂടെ എടുത്തു ആ ഓമനത്തമുള്ള വേടൻ്റെ കയ്യിൽ വെച്ച് കൊടുത്തു. പിന്നീട് പാശുപതാസ്ത്രം എന്ന് തെരഞ്ഞു നോക്കിയപ്പോഴാണ് താങ്കളുടെ ബ്ലോഗ് കണ്ടതൂം അതേപ്പറ്റി കൂടുതൽ വായിച്ചതും. അതിനു നന്ദി പറയാനാണ് ഇതെഴുതുന്നത്. 🙏🙏🙏

    ReplyDelete